സ്ത്രീധനത്തിന്റെ ബാക്കി നൽകണമെന്നാവശ്യപ്പെട്ട് ഭർത്തൃമാതാവും ഇവരുടെ സഹോദരിയും ചേർന്ന് തീക്കൊള്ളികൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന മകനെ പുറത്തിറക്കാനാണ് ഈ പണം എന്നുപറഞ്ഞാണ് യുവതിയെ അമ്മായിയമ്മയും സഹോദരിയും ചേർന്ന് മർദിച്ചത്. മുഖത്ത് പരിക്കേറ്റ യുവതി നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. നെടുങ്കണ്ടം പോലീസ് കേസെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി.
തൂക്കുപാലം ശൂലപ്പാറ ബ്ലോക്ക് നമ്പർ 559-ൽ ഹസീന (29) ആണ് പരാതിക്കാരി. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. സ്ത്രീധനത്തുകയിൽ ബാക്കിയുള്ള 50,000 രൂപ ഉടൻ വേണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്തൃമാതാവ് ഉപദ്രവിച്ചതെന്ന് ഹസീന പറഞ്ഞു. അടുപ്പിൽനിന്ന് തീക്കൊള്ളിയെടുത്ത് യുവതിയുടെ തലക്കടിച്ചതിനെത്തുടർന്ന് നെറ്റിയിലും കവിളിലും പൊള്ളലേറ്റിട്ടുണ്ട്. പാത്രങ്ങൾകൊണ്ട് അമ്മായിയമ്മയുടെ സഹോദരി പുറത്തും തോളിലും അടിച്ചതായും ഹസീന പറഞ്ഞു.
ബോധരഹിതയായ യുവതിയെ സഹോദരനും ഭാര്യയും എത്തിയാണ് ആശുപത്രിയിലാക്കിയത്. ഒൻപതുവർഷം മുമ്പാണ് ഹസീനയും സുധീറും തമ്മിലുള്ള വിവാഹം നടന്നത്.
ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്. ഡ്രൈവറായ സുധീറിന് വിവാഹശേഷം 50,000 രൂപ നൽകാമെന്ന് ഹസീനയുടെ വീട്ടുകാർ അറിയിച്ചിരുന്നു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾമൂലം ഇത് ഇതുവരെയും നൽകിയിരുന്നില്ല. ഈ പണം നൽകാത്തതുമായി ബന്ധപ്പെട്ട് നിരവധി തവണ തർക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. കുടുംബ പ്രശ്നമായതിനാൽ അന്ന് പരാതിളൊന്നും നൽകിയില്ല. എറണാകുളത്ത് ജോലിചെയ്യുകയായിരുന്ന സുധീർ ഒരുമാസംമുമ്പാണ് ട്രാൻസ്ജെൻഡർ യുവതിയെ ഉപദ്രവിച്ച കേസിൽ എറണാകുളം പോലീസിന്റെ പിടിയിലാകുന്നത്. കോടതി ഇയാളെ കാക്കനാട് ജയിലിൽ റിമാൻഡ് ചെയ്തു. ഈ കേസ് ഒത്തുതീർപ്പാക്കാൻ 1.50 ലക്ഷം രൂപ വേണം. ഇതിനായാണ് സ്ത്രീധനബാക്കി വേണമെന്ന് അമ്മായിയമ്മ ആവശ്യപ്പെട്ടതെന്ന് ഹസീന പറയുന്നു. കേസ് തീർക്കാനായി പണം നൽകില്ലെന്നും കുട്ടികളുടെയോ, ഹസീനയുടെയോ ആവശ്യങ്ങൾക്കായേ പണം നൽകൂ എന്നും വീട്ടുകാർ അറിയിച്ചു. ഇതോടെയാണ് പീഡനം ആരംഭിച്ചത്. താൻ തൂക്കുപാലത്തെ ഡി.ടി.പി. സെന്ററിൽ ജോലിക്കുപോകുന്നത് അമ്മായിയമ്മ വിലക്കിയെന്നും ഹസീന പറഞ്ഞു.
Leave a Reply