സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകള്‍ ഗൗരി കൃഷ്ണകുമാര്‍ വിവാഹിതയായി. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തില്‍വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് ഭര്‍ത്താവ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. അതേസമയം, സ്വപ്ന ചടങ്ങില്‍ പങ്കെടുത്തില്ല.
പാലക്കാട് സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്.
സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു. മകളുടെ വിവാഹത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താതിരുന്നതെന്നാണ് സൂചന.
അതേസമയം, അടുത്തിടെ സ്വപ്ന സുരേഷ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.
നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ വീട് മാറല്‍. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ സൗകര്യം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Leave a Reply