ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അവധിക്ക് നാട്ടിൽ പോയി വരുമ്പോൾ അനുവദനീയമായതിന്റെ പരമാവധി സാധനങ്ങൾ കൊണ്ടുവരുക എന്നത് ലോകമൊട്ടാകെയുള്ള മലയാളികളുടെ ശീലമാണ്. ഈ കാര്യങ്ങളിൽ യുകെ മലയാളികളും വ്യത്യസ്തരല്ല. യുകെയിൽ കിട്ടുന്നതാണെങ്കിലും അമ്മയും ബന്ധുക്കളും തന്നു വിടുന്ന സാധനങ്ങൾ കൊണ്ടുവരുന്നത് മനോഹരമായ ഗൃഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ് . ഈ കൂട്ടത്തിൽ കുടംപുളിയും, ഉണക്ക കപ്പയും. കറിവേപ്പിലയും ,മാങ്ങയും, അച്ചാറും, ഉണക്കമീനും ഉൾപ്പെടെയുണ്ട്. തിരിച്ച് യുകെയിലെത്തുമ്പോൾ കൊണ്ടുവന്ന സാധനങ്ങൾ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തിയും നാടിൻറെ മണമുള്ള സാധനങ്ങൾ കൊണ്ടുവരാൻ പലരെയും പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.

പായ്ക്ക് ചെയ്തു കൊണ്ടുവരുന്ന സാധനങ്ങളിൽ ഏതെങ്കിലും നിയമവിരുദ്ധമായിട്ടുണ്ടോ എന്നത് അലട്ടുന്ന പലരെയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണസാധനങ്ങൾ യുകെയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള വിശദമായ മാർഗരേഖ ഗവൺമെൻറ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു പ്രകാരം മാംസം, പാൽ, മത്സ്യം മറ്റു മൃഗ ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള നിയമങ്ങൾ യാത്രക്കാരൻ ഏത് രാജ്യത്തുനിന്ന് കൊണ്ടുവരും എന്നതിനെ കൂടി ആശ്രയിച്ചായിരിക്കും.


വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നതു പ്രകാരം യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് വരുമ്പോൾ മാംസം അല്ലെങ്കിൽ മാംസ ഉത്പന്നങ്ങൾ, പാൽ അല്ലെങ്കിൽ പാൽ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് വിലക്കുണ്ട് . ഇനി നാട്ടിൽ പോയി വരുമ്പോൾ ഉണക്കയിറച്ചി കൊണ്ടുവന്നാൽ പിടിക്കപ്പെട്ടേക്കാം.

ഒരാൾക്ക് 2 കിലോ വരെ തേൻ, ശിശുക്കൾക്ക് വേണ്ടിയുള്ള പൊടി രൂപത്തിലുള്ള പാലുത്പന്നങ്ങൾ, ശിശുഭക്ഷണം തുടങ്ങിയ സാധനങ്ങൾ കൊണ്ടുവരുന്നത് അനുവദനീയമാണ്. എന്നാൽ മലയാളികളിൽ പലരും ആശങ്കയോടെ കൊണ്ടുവരുന്ന ഉണക്കമീൻ കൊണ്ടുവരാമെന്നാണ് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്. മത്സ്യം , മത്സ്യ ഉത്പന്നങ്ങൾ, ഉണങ്ങിയതോ പാകം ചെയ്തതോ ആയ മത്സ്യ ഉത്പന്നങ്ങൾ എന്നിവ ഒരാൾക്ക് 20 കിലോ വരെ കൊണ്ടുവരാൻ സാധിക്കും.

കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ഗവൺമെന്റ് വെബ്‌സൈറ്റിൽ ലഭ്യമാണ് .

https://www.gov.uk/bringing-food-into-great-britain/meat-dairy-fish-animal-products