ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ സ്വന്തമായി ഒരു വീട് എന്നത് ഇവിടെയുള്ള എല്ലാ മലയാളികളുടെയും സ്വപ്നമാണ്. പണപ്പെരുപ്പവും ജീവിത ചിലവു വർദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വീട് എന്ന സ്വപ്നം മാറ്റിവയ്ക്കേണ്ട അവസ്ഥയാണ് പലരും നേരിടുന്നത്. അതിൻറെ കൂടെയാണ് ഉയർന്ന പലിശ നിരക്കുകളെ കുറിച്ചുള്ള ആശങ്ക.

എന്നാൽ കടുത്ത മത്സരങ്ങളെ തുടർന്ന് കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ പലിശ നിരക്ക് കുറച്ചത് യുകെ മലയാളികൾക്ക് അനുഗ്രഹമാകും. രാജ്യത്തെ ശരാശരി മോർട്ട്ഗേജ് വായ്പ നിരക്കുകൾ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.92% നിന്ന് 5.53 ശതമാനമായി കുറഞ്ഞത് വീട് വാങ്ങുന്നവർക്ക് പ്രയോജനം ചെയ്യും . യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്‌സ്, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ ധനകാര്യ സ്ഥാപനങ്ങൾ നിരക്കുകൾ വെട്ടിക്കുറച്ച വാർത്ത മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു .

അതിനു പിന്നാലെ മറ്റ് രണ്ട് പ്രധാന ധനകാര്യ സ്ഥാപനങ്ങളായ ബാർക്ലേസും സാന്റാൻഡറും നിരക്കുകൾ കുറച്ചത് കൂടുതൽ പേർക്ക് പ്രയോജനം ചെയ്യും. മോർട്ട്ഗേജ് നിരക്ക് ഇനിയും കുറയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു . കഴിഞ്ഞ കുറച്ച് മാസങ്ങളായി പലിശ നിരക്കുകളിൽ വന്ന വലിയ മാറ്റങ്ങൾ മൂലം മോർട്ട്ഗേജുകളുടെ നിരക്ക് കുറയുമെന്നാണ് അദ്ദേഹം എംപിമാരോട് പറഞ്ഞത്.

നിലവിൽ ഏകദേശം 1.6 ദശലക്ഷം ബാങ്ക് വായ്പ എടുത്തവർക്കും കുറഞ്ഞ നിരക്കിലേയ്ക്ക് മാറുന്നതിലൂടെ പലിശ നിരക്ക് കുറയുന്നതിന്റെ പ്രയോജനം ചെയ്യും. 2024 -ൽ വീടുകളുടെ വില വീണ്ടും കുറയുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . വീടുകളുടെ വില 5 % കുറയാനുള്ള സാധ്യതയാണ് ഈ രംഗത്തെ വിദഗ്ധർ പ്രവചിക്കുന്നത്.

എന്നാൽ  ചെങ്കടലിലും മിഡിൽ ഈസ്റ്റിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ഒരു പ്രതികൂല സാഹചര്യം ആണെന്ന അഭിപ്രായവും ഉടലെടുത്തിട്ടുണ്ട്. പണപ്പെരുപ്പം വർദ്ധിക്കുന്നതു കൂടാതെ സംഘർഷങ്ങൾ ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കടുത്ത പ്രതിസന്ധിയിലേയ്ക്ക് ലോകരാഷ്ട്രങ്ങളെ തള്ളിവിടും