ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടനിലെ ഏറ്റവും സാധാരണക്കാരന്റെ പോലും ഭക്ഷണമായിരുന്ന ലൂർപക് ബട്ടറിന് ഇപ്പോൾ ഒരു പാക്കറ്റിന് 9 പൗണ്ട് എന്ന രീതിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഇതേ തുടർന്ന് ബട്ടർ പാക്കറ്റുകളോടൊപ്പം സെക്യൂരിറ്റി ടാഗും ഉൾപ്പെടുത്തുവാൻ നിർബന്ധിതരായിരിക്കുകയാണ് സൂപ്പർമാർക്കറ്റ് ഉടമകൾ. അസ് ഡാ സ്റ്റോറുകളിൽ 500ഗ്രാം ഡയിനിഷ് ബട്ടർ 6 പൗണ്ടിനാണ് ലഭിക്കുന്നത്. ഇത്തരം പാക്കറ്റുകളിൽ എല്ലാം തന്നെ ഇലക്ട്രോണിക് സെക്യൂരിറ്റി ടാഗുകളും സൂപ്പർമാർക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി വിലകൂടിയ , മോഷണം പോകാൻ സാധ്യതയുള്ള ഇലക്ട്രോണിക് സാധനങ്ങൾക്കും മറ്റുമാണ് സെക്യൂരിറ്റി ടാഗുകൾ സൂപ്പർമാർക്കറ്റുകളിൽ ഉണ്ടായിരുന്നത്. ആദ്യമായാണ് ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഭക്ഷണസാധനങ്ങൾക്ക് സെക്യൂരിറ്റി ടാഗുകൾ ഏർപ്പെടുത്തുന്നത് താൻ കാണുന്നതെന്ന് ഒരു കൺസ്യൂമർ റൈറ്റ്സ് ആക്ടിവിസ്റ്റ് വ്യക്തമാക്കി.
500ഗ്രാം ബട്ടറിന് കഴിഞ്ഞവർഷം ജൂണിൽ ഉണ്ടായിരുന്ന വിലയേക്കാൾ 33 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇനിയും ഇത്തരം അവസ്ഥ മുന്നോട്ടു പോയാൽ ആവശ്യഭക്ഷണസാധനങ്ങൾ വാങ്ങിക്കാൻ ലോൺ എടുക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് നിരവധിപേർ ട്വിറ്ററിൽ തമാശയായി രേഖപ്പെടുത്തി. അവശ്യസാധനങ്ങൾക്കുള്ള ക്രമാതീതമായ വിലവർധന ജനങ്ങളുടെ ജീവിതത്തെ ആകെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്തവർഷം പകുതി വരെയെങ്കിലും ഇത്തരത്തിലുള്ള വിലവർധന ഉണ്ടാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Leave a Reply