ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയം ആക്രമിച്ച് റഷ്യ. യുക്രൈനിലെ സ്‌പോർഷ്യ ആണവ നിലയത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതേതുടർന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായി. റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും ദുരന്തവ്യാപ്തി. ” അദ്ദേഹം ട്വീറ്റ് ചെയ്തു.

റഷ്യ അടിയന്തരമായി വെടിവെപ്പ് നിര്‍ത്തിവെക്കണമെന്നും അഗ്നിശമനസേനയെ തീ അണയ്ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത് റഷ്യയുടെ ആണവ ഭീകരതയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആരോപിച്ചു. ആക്രമണം ഉണ്ടെങ്കിലും അണുവികിരണത്തോത് ഇതുവരെ ഉയർന്നിട്ടില്ലെന്ന് യുക്രൈൻ അധികൃതർ അറിയിച്ചു. പ്ലാന്റിലെ ഒരു ജനറേറ്റിംഗ് യൂണിറ്റ് തകർന്നതായി റിപ്പോർട്ടുകളുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വരും മണിക്കൂറുകളിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം തേടുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. യുകെ ഈ വിഷയം ഉടൻ റഷ്യയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അവർ കൂട്ടിച്ചേർത്തു. ആണവനിലത്തിലെ തീപിടിത്തത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.