വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് വൈറൽ പനി ബാധിതരായി ചികിത്സ തേടിയെത്തുന്നത്. കോവിഡ് കൂടുന്നുണ്ടെങ്കിലും പനിബാധിതരെ ആശുപത്രികളിൽ കോവിഡ് ടെസ്റ്റിനു നിർബന്ധിക്കുന്നില്ല.

കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവർക്കുമാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാൽ കോവിഡ് ലക്ഷണങ്ങൾ അവഗണിക്കുന്നവർ ഏറെയാണെന്നും ഡോക്ടർമാർ പറയുന്നു. ഇപ്പോൾ പടരുന്ന പനികൾക്കും കോവിഡിനുമെല്ലാം സമാനലക്ഷണങ്ങളാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്.

കോവിഡാണെന്നു സംശയം തോന്നിയാൽ ടെസ്റ്റ് നടത്തി ഉറപ്പാക്കും. അതുപോലെതന്നെയാണ് മറ്റ് പനികളും. സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കുകളാണ് ഔദ്യോഗികമായി ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കെടുത്താൽ ഇരട്ടിയോളം വരുമെന്നും അധികൃതർതന്നെ വ്യക്തമാക്കുന്നുണ്ട്.

ഡെങ്കിപ്പനി; വേണ്ടത് പരിപൂർണ വിശ്രമം

കൊതുക് പരത്തുന്ന മാരകമായ പനികളിലൊന്നാണ് ഡെങ്കിപ്പനി. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ഏഴുദിവസത്തിനുള്ളിൽ രോഗം മറ്റുള്ളവരിലേക്ക് പകരും. ഡെങ്കി രോഗബാധയുള്ള എല്ലാവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയൽ, ശക്തമായ തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. കുട്ടികളിൽ സാധാരണ പനിയും ചർമത്തിൽ ചെറിയ പാടുകളും കാണപ്പെടുന്നു. പ്രായമായവരിൽ പാടുകളും അസഹ്യമായ പേശിവേദനയുണ്ടാകും. പനിയോടൊപ്പം ആന്തരിക രക്തസ്രാവമുണ്ടാകുമ്പോഴാണ് രോഗം കൂടുതൽ ഗുരുതരമാകുന്നത്. പരിപൂർണ വിശ്രമവും പോഷകാഹാരവും കുടിക്കാൻ വെള്ളവും നൽകണം.

എച്ച്-വൺ എൻ-വൺ

എച്ച്-വൺ എൻ-വൺ ബാധിച്ച് ഈവർഷം ഒരുമരണമാണ് സ്ഥിരീകരിച്ചത്. ശരീരവേദന, ഛർദി, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. സ്വയം ചികിത്സ നടത്തി താമസിച്ചുമാത്രം ആശുപത്രിയിലെത്തുന്നതാണ്‌ രോഗം മൂർഛിക്കാൻ കാരണം. മറ്റുരോഗങ്ങൾമൂലം ബുദ്ധിമുട്ടുന്നവർ, കുഞ്ഞുങ്ങൾ, ഗർഭിണികൾ എന്നിവരെയാണ്‌ രോഗം കൂടുതലായും ബാധിക്കുന്നത്.

പരിശോധനയുടെ ഭാഗമായി എച്ച-വൺ എൻ-വൺ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സംശയിക്കുന്നവരുടെ തൊണ്ടയിൽനിന്നുള്ള സ്രവം പരിശോധനയ്ക്കു വിധേയമാക്കുന്നണ്ടെന്നും അധികൃതർ പറയുന്നു. ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട എച്ച്-വൺ എൻ-വൺ വൈറസാണ് രോഗകാരി. രോഗബാധിതനായ വ്യക്തിയിൽനിന്ന് മറ്റുള്ളവരിലേക്ക് വായുവിലൂടെ രോഗം പകരാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറുകണികകൾവഴിയാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്കെത്തുന്നത്.

എലിപ്പനി

ശക്തമായ വിറയൽ, പനി, തളർച്ച, കുളിര്, ശരീരവേദന, ഛർദി, മനംപുരട്ടൽ, കണ്ണിനു ചുവപ്പ്, വെളിച്ചത്ത് നോക്കാൻ പ്രയാസം, കണങ്കാലിൽ വേദന എന്നിവയാണ് ലക്ഷണങ്ങൾ.

കോവിഡ് പനി

തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ.

വൈറൽ പനി

തൊണ്ടവേദനയോടുകൂടിയ ശക്തമായ പനി. മൂന്നുദിവസംവരെ പനിയാണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.