മുടിയിഴകളിൽ നിന്നും തുപ്പലിൽ നിന്നുമൊക്കെ കൊലപാതക കേസുകൾ കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. എന്നാൽ പൊട്ടിയ മുട്ടത്തോടിൽ നിന്ന് ഒരു കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത് ഒരു പക്ഷേ,പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം. ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറിൽ കഴിഞ്ഞയാഴ്ച പുലർച്ചെ മോഷണ ശ്രമത്തിനിടെ സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് കൊല്ലപ്പെട്ട കേസിലാണ് പൊലീസിന്റെ അന്വേഷണ മികവ് വ്യക്തമായത്. ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻ (50) ആണ് അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള മൽപ്പിടിത്തത്തിനിടെ ജോസഫിന്റെ കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസ തടസമുണ്ടായതായിരുന്നു മരണകാരണം.

രാജേന്ദ്രന്റെ വീട്ടിന് അല്പമകലെയാണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ചെരുപ്പ്, വാക്കത്തി, തൊപ്പി, ടോർച്ച്, കുട, ഇറച്ചി എന്നിവ കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസിന് പരിസരം നിരീക്ഷിച്ചിട്ടും സംഭവത്തെപ്പറ്റി വ്യക്തത ലഭിച്ചില്ല. ജോസഫ് രാജേന്ദ്രന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്നും ഇരുവരും തമ്മിൽ പിടിവലി ഉണ്ടായെന്നുമുള്ള വാർത്ത ഇതിനിടെ പൊലീസിന്റെ ചെവിയിലെത്തി. പക്ഷേ, ജോസഫ് എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് ഒരു വ്യക്തതയും പൊലീസിന് ലഭിച്ചില്ല. തുടർന്ന് അയാളുടെ ബന്ധുക്കളെ പൊലീസ് കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച കുടയും ചെരിപ്പും ജോസഫിന്റേത് തന്നെയെന്ന് അവർ തിരിച്ചറിഞ്ഞു. എന്നാൽ ജോസഫ് ഒരു മോഷ്ടാവല്ലെന്നും മോഷ്ടിക്കുന്ന സ്വഭാവം അയാൾക്കില്ലെന്നും ബന്ധുക്കൾ ഉറപ്പിച്ച് പറഞ്ഞതോടെ പൊലീസ് വീണ്ടും വട്ടം ചുറ്റി. ജോസഫ് മോഷണത്തിനായി എത്തുന്ന സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കളെ കാണിച്ചെങ്കിലും ഇതു ജോസഫല്ലെന്നായിരുന്നു അവരുടെ വാദം. തുടർന്നാണ് കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്താൻ തീരുമാനിച്ചത്. കട്ടപ്പന ഡിവൈഎസ്‌പി നിഷാദ് മോൻ, ഉടുമ്പൻചോല സിഐ ഫിലിപ് സാം, നെടുങ്കണ്ടം സിഐ ബി.എസ്.ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി രൂപം നൽകിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ജോസഫിന്റെ മൃതദേഹം പരിശോധിക്കുന്നതിനിടെ ഷർട്ടിന്റെ പോക്കറ്റിൽ മുട്ടത്തോട് കണ്ടെത്തിയിരുന്നു. രാജന്ദ്രന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും ശേഖരിച്ചതോടെ അന്വേഷണം പോകുന്നത് നേർവഴിയിലാണെന്ന് പൊലീസിന് വ്യക്തമായി. മോഷണം പോയത് 6000 രൂപയും ഒരു കിലോ ഇറച്ചിയും രണ്ട് താറാമുട്ടകളുമെന്നാണ് കുടുംബാംഗങ്ങൾ മൊഴിനൽകിയത്. മാേഷ്ടിച്ചെടുത്ത താറാമുട്ടകൾ ജോസഫ് പോക്കറ്റിൽ സൂക്ഷിച്ചിരുന്നുവെന്നും രാജേന്ദ്രനുമായുള്ള മൽപ്പിടിത്തത്തിൽ ഇത് പൊട്ടുകയായിരുന്നു എന്നും കണ്ടെത്തി. പൊട്ടിയ മുട്ടയുടെ തോടാണ് പോക്കറ്റിൽ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതകമെന്ന് പാെലീസ് ഉറപ്പിച്ചത്. കഴുത്തിലൂടെ കയ്യിട്ട് പ്രത്യേക രീതിയിൽ പിടിച്ചതാണ് ജോസഫിന്റെ മരണകാരണമെന്നും കഴുത്തിനുള്ളിലെ അസ്ഥി പൊട്ടി ശ്വാസനാളത്തിൽ തുളഞ്ഞ് കയറിയെന്നും പൊലീസ് കണ്ടെത്തി.ചോദ്യംചെയ്യലിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാവുകയായിരുന്നു.