തൃശ്ശൂരിൽ മത്സരയോട്ടം നടത്തിയ ആഡംബര വാഹനങ്ങളിലൊന്ന് ടാക്‌സിലേയ്ക്ക് ഇടിച്ചു കയറി ഒരു മരണം. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാറിലേയ്ക്കാണ് ഥാർ ഇടിച്ചുകയറിയത്. പാടൂക്കാട് രമ്യ നിവാസിൽ 67കാരനായ രവിശങ്കർ ആണ് അപകടത്തിൽ മരിച്ചത്.
കാറിലുണ്ടായിരുന്ന രവിശങ്കറിന്റെ ഭാര്യ മായ (61), മകൾ വിദ്യ (35), പേരക്കുട്ടി നാലു വയസ്സുകാരി ഗായത്രി, കാർ ഡ്രൈവർ ഇരവിമംഗലം മൂർക്കാട്ടിൽ രാജൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
കൊട്ടേക്കാട് സെന്ററിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. ഥാർ, ബി.എം.ഡബ്ള്യു. വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. എതിർദിശയിൽ നിന്നുവന്ന ഥാർ കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ ബി.എം.ഡബ്ള്യു കാറും നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തൃശ്ശൂർ അയ്യന്തോൾ സ്വദേശി ഷെറിൻ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈദ്യപരിശോധനക്ക് വിധേയനാക്കിയതിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.











Leave a Reply