ചരിത്ര നേട്ടം കുറിച്ച് ദ്രൗപതി മുര്‍മു രാജ്യത്തിന്റെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ സമഗ്രാധിപത്യത്തോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുര്‍മു രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നത്. വോട്ടെണ്ണലിന്റെ നാല് റൗണ്ടിലും ആധിപത്യം നിലനിര്‍ത്തിയായിരുന്നു മുര്‍മുവിന്റെ ചരിത്ര വിജയം. രാജ്യത്തെ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്ന നേട്ടവുമായാണ് മുര്‍മു റൈയ്സീന കുന്നിലേക്ക് എത്തുന്നത്. 2824 വോട്ടുകളാണ് ദ്രൗപതി മര്‍മുവിന് ലഭിച്ചത്. ( വോട്ട് മൂല്യം 6,76,803). 1877 വോട്ടുകളാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ നേടിയത് (വോട്ട് മൂല്യം 3,80,177).
64-കാരിയായ മുര്‍മു, പ്രതിപക്ഷ പാര്‍ട്ടികളുടെ ഉള്‍പ്പെടെ പിന്തുണ നേടിയാണ് വിജയം ഉറപ്പിച്ചത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്കെതിരെ അനായാസ വിജയമാണ് ദ്രൗപതി മുര്‍മു നേടിയത്. ജൂലൈ 25ന് മുര്‍മു സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും.
രാം നാഥ് കോവിന്ദില്‍ നിന്ന് ചുമതലയേല്‍ക്കുന്ന ദ്രൗപതി മുര്‍മു ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയും ഈ പദവിയിലെത്തുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദ്രൗപതി മുര്‍മു രാജ്യം മുഴുവന്‍ സഞ്ചരിച്ചിരുന്നു. ബിജെഡി, ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി എന്നീ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മുര്‍മു വിജയം സുനിശ്ചിതമാക്കിയത്.
പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും മോദിക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയുടെ തെളിവാണ് ദ്രൗപതി മുര്‍മുവിന്റെ വിജയമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിന് ആശംസകള്‍ അറിയിച്ചു.
ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമു ജിക്ക് അഭിനന്ദനങ്ങളും ആശംസകളും- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രാഷ്ട്രപതിസ്ഥാനത്തേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മ്മുവിന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ആശംസകള്‍ നേര്‍ന്നു. പൊതുജീവിതത്തിലെ വിശാലമായ അനുഭവവും നിസ്വാര്‍ത്ഥ സേവന മനോഭാവവും രാജ്യത്തിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ് ദ്രൗപതി മുര്‍മു. അദ്ധ്യാപികയായിരുന്നു. ഒഡിഷയില്‍ സാമാജികയായും ഝാര്‍ഖണ്ഡില്‍ ഗവര്‍ണ്ണറായും ഭരണ പരിചമുള്ള ദ്രൗപതിയ്ക്ക് രാജ്യമെമ്പാടു നിന്നും രാഷ്ട്രീയത്തിനെതിരായി വോട്ടുകള്‍ നേടാനായി.
ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് എതിര് സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. ‘2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീമതി ദ്രൗപതി മുര്‍മുവിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. റിപ്പബ്ലിക്കിന്റെ 15-ാമത് പ്രസിഡന്റ് എന്ന നിലയില്‍ അവര്‍ ഭയമോ പക്ഷപാതമോ കൂടാതെ ഭരണഘടനയുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ സിന്‍ഹ പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അഭിനന്ദനവുമായി രംഗത്തെത്തി. രാജ്യം ഭിന്നത അഭിമുഖീകരിക്കുന്ന സമയമാണെന്നും ഭരണഘടനയുടെ ആദര്‍ശങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ സംരക്ഷകനുമായ രാഷ്ട്രത്തലവനായി രാജ്യം മുര്‍മുവിനെ ഉറ്റുനോക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
Leave a Reply