ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സാറാ എവറാർഡ് കൊലയാളിയുമായി ലൈംഗിക സന്ദേശങ്ങൾ പങ്കുവെച്ച് മൂന്നു പോലീസ് ഉദ്യോഗസ്ഥർ. ഒരു പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പടുത്തുന്നത് എങ്ങനെയെന്ന് മെറ്റ് പോലീസ് ഓഫീസർമാരിൽ ഒരാൾ വെയ്ൻ കൗസൻസിന് സന്ദേശമയച്ചു. വില്യം നെവിൽ (34), ജോനാഥൻ കോബ്ബൻ (35), മുൻ പിസി ജോയൽ ബോർഡേഴ്‌സ് (45) എന്നിവരാണ് മോശമായ ഭാഷയിൽ ബലാത്സംഗ കഥകൾ ഉൾപ്പെടെ പങ്കുവെച്ചത്. മൂവരും ആരോപണങ്ങൾ നിഷേധിച്ചു.

കഴിഞ്ഞ വർഷം മാർച്ചിൽ സാറാ എവറാർഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൗസൻസ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. കൊലപാതകത്തിന് രണ്ട് വർഷം മുമ്പ് പ്രതി ഗ്രൂപ്പിൽ അയച്ചതായി ആരോപിക്കപ്പെടുന്ന മറ്റ് സന്ദേശങ്ങൾ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വായിച്ചു.

ഗാർഹിക പീഡനത്തിന് ഇരയായവരെ അപമാനിച്ചും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 11 ന് മെറ്റിലേക്ക് മാറ്റുന്നതിന് മുമ്പ് മൂന്ന് ഉദ്യോഗസ്ഥരും മുമ്പ് സിവിൽ ന്യൂക്ലിയർ കോൺസ്റ്റബുലറിയിലായിരുന്നു. കോബ്ബനും നെവില്ലും നിലവിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടെങ്കിലും പോലീസ് ഓഫീസർമാരായി തുടരുന്നു. കമ്മ്യൂണിക്കേഷൻസ് ആക്റ്റ് 2003, സെക്ഷൻ 127 (1) പ്രകാരമുള്ള കുറ്റങ്ങളാണ് മൂന്ന് പേർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിചാരണ തുടരുകയാണ്.