ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലോകം മുഴുവൻ പിതൃദിനം ആഘോഷിച്ച ഇന്ന് തികച്ചും വ്യത്യസ്തമായ ജീവിതകഥ പങ്കുവെക്കുകയാണ് ഒരു അമ്മയും കുഞ്ഞും. 33 വയസുകാരിയായ ലാരൻ മാക്ഗ്രെഗോർ ഐവിഎഫ് (കൃത്രിമബീജസങ്കലനം) എന്ന ആധുനിക ശാസ്ത്രവിദ്യയിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ജനിക്കുന്നതിനു രണ്ട് വർഷങ്ങൾക്ക് മുൻപ് അവളുടെ ഭർത്താവ് ക്രിസ് മരിച്ചു. ബ്രെയിൻ ട്യൂമർ ആയിരുന്നു മരണകാരണം. അയാളുടെ ബീജം ആധുനിക വൈദ്യശാസ്ത്ര സഹായത്തോടെ സൂക്ഷിച്ചു വെക്കുകയും തുടർന്ന് കൃത്രിമബീജസങ്കലനത്തിലൂടെ ലാരൻ ഗർഭിണിയാകുകയും ചെയ്തു. “സെബ് ജനിച്ചതിനു ശേഷം, ക്രിസ് അവനെ എനിക്ക് മറ്റൊരു ലോകത്ത് നിന്നും തന്നതുപോലെ തോന്നുന്നു.” ലാരൻ പറഞ്ഞു.

ആശുപത്രിയിൽ തന്നെ പരിചരിച്ച ഡോക്ടർമാരെ പറ്റിയും ലാരൻ പറയുന്നുണ്ട്. – “എന്റെ ഈ അവസ്ഥ അറിഞ്ഞപ്പോൾ, ക്രിസിന്റെ ഒരു ഫോട്ടോയും, ഞങ്ങളുടെ കല്യാണ മോതിരവും, ക്രിസിന്റെ ചിതഭസ്മം സൂക്ഷിച്ചിരുന്ന മാലയും കൂടെ കരുതാൻ ഡോക്ടർമാർ അനുവദിച്ചു. അത് എനിക്ക് എന്റെ ലോകമായിരുന്നു. ആ ലോക്കറ്റിലുള്ള ക്രിസിന്റെ ചിത്രം കാണാൻ നല്ല ഭംഗിയായിരുന്നു.” മുൻകാല ബന്ധത്തിൽ നിന്നുള്ള മകൻ വെയ്‌ഡും (18) ലാരനൊപ്പമുണ്ട്. എല്ലാ വർഷവും പിതൃദിനത്തിൽ ക്രിസിന്റെ ഇഷ്ടസ്ഥലങ്ങൾ തങ്ങൾ മൂന്ന് പേരും സന്ദർശിക്കാറുണ്ട് എന്ന് ലാരൻ പറയുന്നു.

2013 ലാണ് പാർട്ടി പ്ലാന്നർ ആയിരുന്ന ലാരനും ഫോർക്ലിഫ്റ്റ് ഡ്രൈവർ ആയിരുന്ന ക്രിസും വിവാഹിതരായത്. നീണ്ട നാളത്തെ പരിചയത്തിന് ശേഷമാണ് അവർ ഒന്നിച്ചത്. എന്നാൽ മാസങ്ങൾക്ക് ശേഷം ക്രിസ് രോഗബാധിതനായി. 2014 ൽ ഒരു ശാസ്ത്രക്രിയക്ക് ശേഷം രക്ഷപ്പെട്ടെങ്കിലും,2020 ജൂലൈയിൽ ക്രിസ് ലോകത്തോട് വിട പറഞ്ഞു. കുഞ്ഞിനെ വേണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്ന ദമ്പതികൾ ക്രിസിന്റെ ബീജം കേടുകൂടാതെ സൂക്ഷിച്ചു. അങ്ങനെ, 2021 മെയ്‌ 17ന് കുഞ്ഞ് സെബ് ലോകത്തേക്ക് പിറന്നുവീണു. “ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ക്രിസിനെ നഷ്ടപ്പെട്ടതാണ്. എന്നാൽ ക്രിസ് ഇല്ലങ്കിലും ഞങ്ങളുടെ സ്നേഹം നിലനിർത്താൻ ഒരു വഴി കണ്ടെത്തിയാണ് അദ്ദേഹം യാത്രയായത്.” ഒരേസമയം സന്തോഷവും ദുഃഖവും നിറഞ്ഞ വാക്കുകൾ ലാരൻ പങ്കുവെച്ചു.