30 വയസ്സിന് താഴെയുള്ളവർ തങ്ങളുടെ വരുമാനത്തിൽ കൂടുതലും വാടകയ്ക്ക് ചെലവഴിക്കുന്നതായി ഏറ്റവും പുതിയ കണക്കുകൾ. ഈ പ്രായപരിധിയിലുള്ള 10-ൽ നാലുപേരും നിലവിൽ അവരുടെ ശമ്പളത്തിന്റെ 30 ശതമാനത്തിലധികവും വാടകയ്ക്കായാണ് ചെലവഴിക്കുന്നത്. ഇത് അഞ്ചുവർഷത്തിൽ ഏറ്റവും ഉയർന്ന നിരക്കാണ്. ഇവരുടെ വരുമാനം വാടക ചെലവുകൾക്കായി താങ്ങാൻ കഴിയുന്നതിലും അധികമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ലണ്ടനിലാണ് ഏറ്റവും ഉയർന്ന വാടക ഉള്ളതെങ്കിലും റോതർഹാം, ബോൾട്ടൺ തുടങ്ങിയ പട്ടണങ്ങളിൽ പകർച്ചവ്യാധിക്ക് ശേഷം ചെറുപ്പക്കാർക്ക് താങ്ങാനാവുന്നതിൽ നിന്നും നിരക്ക് വളരെ ഉയർന്നിട്ടുണ്ട്.

പഠനത്തിൽ പങ്കെടുത്ത മിക്കവരും വാടകയിനത്തിലും ജീവിതചിലവുകളിലും ഇത്ര വലിയ കുതിച്ചു ചാട്ടം പ്രതീക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. 2022 ജൂണിൽ 30 വയസ്സ് തികയുന്നവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത് . അതുപോലെ തന്നെ 10,000 പൗണ്ടിൽ താഴെ വരുമാനമുള്ളവരെയും പഠനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബ്രിട്ടനിൽ പഠനത്തിനായി എത്തിച്ചേർന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും കടുത്ത വാടക നൽകാൻ കഷ്ടപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 150,000 യുവാക്കളുടെ ഇടയിലാണ് പഠനം നടത്തിയത്.