സിറിയയിലേക്ക് വന്‍ ആയുധശേഖരവുമായി റഷ്യന്‍ യുദ്ധക്കപ്പല്‍ എത്തുന്നു; എന്തിനും തയ്യാറെന്ന് റോയല്‍ നേവി; ആവശ്യമെങ്കില്‍ നാറ്റോ സൈന്യത്തിന്റെ സഹായം തേടും

സിറിയയിലേക്ക് വന്‍ ആയുധശേഖരവുമായി റഷ്യന്‍ യുദ്ധക്കപ്പല്‍ എത്തുന്നു; എന്തിനും തയ്യാറെന്ന് റോയല്‍ നേവി; ആവശ്യമെങ്കില്‍ നാറ്റോ സൈന്യത്തിന്റെ സഹായം തേടും
April 18 10:38 2018 Print This Article

വന്‍ ആയുധ ശേഖരവുമായി റഷ്യന്‍ യുദ്ധക്കപ്പല്‍ സിറിയന്‍ തീരത്തേക്ക്. നിരവധി മിലിട്ടറി വാഹനങ്ങളും ആയുധ ശേഖരവുമായി സിറിയയിലേക്ക് പുറപ്പെട്ട റഷ്യന്‍ യുദ്ധക്കപ്പല്‍ ഇംഗ്ലണ്ട് സമുദ്രാതിര്‍ത്തി പിന്നിട്ടു. ഇംഗ്ലണ്ട് സമുദ്രാതിര്‍ത്തിയിലൂടെയുള്ള യാത്ര ചെയ്ത റഷ്യന്‍ കപ്പലിനെ റോയല്‍ നേവിയുടെ നിരീക്ഷണ ഷിപ്പ് അനുഗമിച്ചിരുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് സിറിയന്‍ രാസായുധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ബഷര്‍ അല്‍ അസദിന് കൂടുതല്‍ സഹായം ലഭ്യമാക്കുവാനുള്ള റഷ്യന്‍ തൂരുമാനത്തിന്റെ ഭാഗമാണ് പുതിയ നീക്കം. നിലവില്‍ അസദ് ഭരണകൂടത്തിന് യുദ്ധ സാമഗ്രികള്‍ നല്‍കുന്നത് റഷ്യയും ഇറാനുമാണ്. സിറിയന്‍ തീരം ലക്ഷ്യമാക്കി ആയുധങ്ങളുമായി സഞ്ചരിക്കുന്ന റഷ്യന്‍ പടക്കപ്പല്‍ മിന്‍സ്‌ക് 127 ന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ബ്രിട്ടന്റെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും നീക്കമുണ്ടായാല്‍ ശ്ക്തമായ പ്രതിരോധം തീര്‍ക്കാനും തിരിച്ചടിക്കാനും റോയല്‍ നേവി തയ്യാറാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വേണ്ടി വന്നാല്‍ നാറ്റോ സൈന്യത്തെയും സഹായത്തിന് വിളിക്കുമെന്നും ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇരു സൈനിക വിഭാഗങ്ങളും തയ്യാറാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എയര്‍ക്രാഫ്റ്റുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ പറ്റുന്ന വലിയ കപ്പലുകളുടെ ഗണത്തില്‍പ്പെടുന്നവയാണ് മിന്‍സ്‌ക് 127. ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധ സാമഗ്രികള്‍ കപ്പലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബ്രിട്ടന്‍ സമുദ്രാ അതിര്‍ത്തിയുടെ ഭാഗമായ ജിബ്രാള്‍ട്ടര്‍ വഴിയാണ് കപ്പല്‍ സഞ്ചരിച്ചത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ ഔദ്യോഗിക ഭരണകൂടത്തെ സഹായിക്കുന്നത് പുടിനാണ്. എന്നാല്‍ വിമതരെ ആക്രമിക്കാനെന്ന പേരില്‍ ജനങ്ങളുടെ മേല്‍ രാസായുധം പ്രയോഗിക്കുകയാണ് അസദ് ചെയ്യുന്നത്. ഇതിനെതിരെ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ഉള്‍പ്പെടെയുള്ള നിരവധി ലോക രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എല്ലാ നിയന്ത്രണങ്ങളും മറികടന്ന അസദ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. വീണ്ടും പരിധി ലംഘിച്ചാല്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ നല്‍കിയിട്ടുണ്ട്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles