ഡോ. ഐഷ വി
വൃത്താകൃതിയിലുള്ള മനോഹരമായ ജാലകത്തിന്റെ പോളിഷ് ചെയ്ത ആരക്കാലുകളിൽ തടവി കൊണ്ട് അയാൾ പറഞ്ഞു: ” വീടു പണിതപ്പോൾ ചിലവു കുറയ്ക്കാനായി പഴയതു പലതും പുനരുപയോഗിച്ചു. ഇതൊരു കാളവണ്ടി ചക്രമാണ്.” അപ്പോഴാണ് അതിഥിയും അത് ശ്രദ്ധിച്ചത്. എത്രയോ ഘാതങ്ങൾ ഉരുണ്ടു താണ്ടിയ ചക്രമാണിത്. കാലം കടന്നുപോയപ്പോൾ സാമാന്യം നല്ലൊരു വീടിന്റെ മനോഹരമായ ജാലകമായി മാറാൻ അതിന് ഭാഗ്യം ലഭിച്ചിരിക്കുന്നു. ഇനി ഉരുണ്ടു തേയേണ്ട ഇരുമ്പു പട്ട ബലപ്പെടുത്തേണ്ട . അവസാന കാലത്ത് ഇത്തിരി വിശ്രമം.
ഏതോ പറമ്പിലെ മര ഉരുപ്പടി , ഏതോ മരപ്പണിക്കാരന്റെ കരവിരുതിൽ വൃത്താകൃതിയിൽ കൊത്തിയെടുത്ത് ആരക്കാലുകൾ വച്ചുപിടിപ്പിച്ച് അച്ചു ദണ്ഡ് വച്ച് ഗ്രീസിട്ട് വണ്ടിയുടെ എല്ലാ ഭാരവും താങ്ങുന്ന ചക്രമായൊരു രൂപാന്തരം . കൊല്ലന്റെ ആലയിൽ ഉരുക്കിയെടുത്ത ഇരുമ്പ് പട്ട കൂടിയായപ്പോൾ ബലം കൂടി. ഇനി ഏത് ദൂരവും ഭയമില്ലാതെ പിന്നിടാം. സാധനങ്ങൾ കയറ്റാനുള്ള ചട്ടക്കൂടോ ആളുകൾക്കിരിയ്ക്കാനുള്ള “റ” ആകൃതിയിലുള്ള പനമ്പ് മേൽ കൂരയോ വണ്ടിയിലുണ്ടാകും. വണ്ടിയുടെ തണ്ടിൽ ചാട്ടവാറുമായി വണ്ടിക്കാരനും ഭാരം വലിക്കാൻ രണ്ട് കാളകളും . അതിഥിയുടെ ഓർമ്മകൾ പിന്നോട്ടു പോയി. ആതിഥേയൻ അടുത്ത അതിഥിയെ സ്വീകരിക്കാൻ മുന്നോട്ടും.
തന്റെ ഗ്രാമത്തിൽ രണ്ടോ മൂന്നോ ഭവനങ്ങളിൽ മാത്രമേ 1970-80 കളിൽ കാളവണ്ടികൾ ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്തെ മാരുതി കാറിന്റേയോ മിനിലോറിയുടേയോ ഉപയോഗമായിരുന്നു കാളവണ്ടികൾക്ക്. റോഡുള്ളിടത്തൊക്കെ സാധനങ്ങൾ കയറ്റാനും ഇറക്കാനും പറമ്പുകളിൽ വിളവെടുത്ത തേങ്ങ, മാങ്ങ, നെല്ല്, വാഴ ക്കുലകൾ, തടികൾ എന്നിവ എത്തിക്കേണ്ടിടത്ത് എത്തിക്കാനും കയറ്റാനും ഇറക്കാനും കാളവണ്ടി തന്നെ ആശ്രയം. രാത്രി യാത്രയിൽ ഒരു റാന്തലും വണ്ടിയിൽ തൂങ്ങിക്കിടക്കും. അതിഥിയുടെ അച്ഛൻ ട്രാൻസ്ഫറായി വന്നപ്പോൾ പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച തയ്യൽ മെഷീൻ, കട്ടിൽ, മേശ എന്നിവ വീട്ടിലെത്തിച്ചത് തെക്കേ പൊയ്കയിൽ ധർമ്മൻ എന്നയാളുടെ കാളവണ്ടിയിലാണ്.
ഒരു വീട്ടുകാരെ അവർ കാളവണ്ടി ഒഴിവാക്കിയ കാലത്തും വണ്ടിക്കാർ എന്ന് വിളിച്ച് പോന്നു. എവിടെ നിന്നെങ്കിലും കുറച്ച് വൈക്കോലും തീറ്റയും വെള്ളവും കിട്ടിയാൽ കാളകൾ ഊർജ്ജ്വസ്വലരാകും. ഇന്ന് ഗ്രാമത്തിലെ കാളവണ്ടികൾ അപ്രത്യക്ഷമായിട്ട് കാലമേറെയായി. ചക്രത്തിന് ഇങ്ങനെയൊരു പുനരുപയോഗം നല്ലതു തന്നെ. ആതിഥേയന്റെ വീട്ടിലെ കലാവിരുതു കണ്ടിറങ്ങുമ്പോൾ അതിഥിയങ്ങനെ ചിന്തിച്ചു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Very good narration