ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്യത്തിന്റെ അഭിമാനമായി ബ്രിട്ടീഷ് സിംഹാസനത്തിൽ വാണരുളിയ എലിസബത്ത് രാജ്ഞി (96) ഓർമ്മയായി. എഴുപത് വർഷം രാജ്യത്തെ ഭരിച്ച എലിസബത്ത് രാജ്ഞി അന്തരിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. സ്കോട്ടീഷ് എസ്റ്റേറ്റായ ബാൽമോറലിൽ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. 1926 ഏപ്രിൽ 21 ന് ലണ്ടനിലെ മെയ്ഫെയറിൽ എലിസബത്ത് അലക്‌സാന്ദ്ര മേരി വിൻഡ്‌സർ രാജ്ഞി ജനിച്ചു. 1952 ഫെബ്രുവരി ആറിന് പദവിയിലെത്തിയ രാജ്ഞി വലിയ സാമൂഹിക മാറ്റത്തിന് സാക്ഷ്യം വഹിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ പടമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയോടൊപ്പമാണ് ബ്രിട്ടൻ വളർന്നത്. സാമ്രാജ്യത്തിൽ നിന്ന് കോമൺ‌വെൽത്തിലേക്കുള്ള മാറ്റം, ശീതയുദ്ധത്തിന്റെ അവസാനം, യൂറോപ്യൻ യൂണിയനിലേക്കുള്ള യുകെയുടെ പ്രവേശനം, അതിൽ നിന്ന് പിന്മാറൽ എന്നിങ്ങനെയുള്ള ചരിത്രസംഭവങ്ങളിൽ എലിസബത്ത് രാജ്ഞിയുടെ നാമം എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്. 1874-ൽ ജനിച്ച വിൻസ്റ്റൺ ചർച്ചിൽ തുടങ്ങി, 101 വർഷത്തിന് ശേഷം 1975-ൽ ജനിച്ച ലിസ് ട്രസ് ഉൾപ്പെടെ 15 പ്രധാനമന്ത്രിമാർ രാജ്ഞിയുടെ ഭരണകാലത്ത് ബ്രിട്ടനെ നയിച്ചു. രാജ്ഞിയുടെ വിയോഗത്തോടെ മൂത്ത മകൻ ചാൾസ് പുതിയ രാജാവാകും. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ, രാജ്ഞിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയാൻ കാത്തിരിക്കുന്ന ജനക്കൂട്ടം മരണവാർത്ത കേട്ട് വിലപിക്കുകയാണ്. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്. പ്രിയപ്പെട്ട രാജ്ഞി.. ഇനി നിത്യതയിൽ വാണരുളുക.