ജോയൽ ചെമ്പോല

നിലവിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ഇന്ധനങ്ങളേക്കാൾ കുറഞ്ഞ കാർബണും കൂടുതൽ എത്തനോളും അടങ്ങിയ പുതിയ സ്റ്റാൻഡേർഡ് പെട്രോൾ ഗ്രേഡായ ഇ-10 നിർമ്മിക്കാൻ സർക്കാർ ശ്രമം തുടങ്ങി. ഈ നീക്കത്തിലൂടെ പ്രതിവർഷം 7,50,000 ടൺ കാർബൺ ഡൈഓക്‌സൈഡിൻെറ ഉദ്‌വമനം കുറയ്ക്കാൻ കഴിയുമെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടൽ. പക്ഷെ കുറഞ്ഞ കാർബൺ ഇന്ധനം പഴയ വാഹനങ്ങളിൽ ചിലതിൽ ഉപയോഗിക്കാനാവില്ല. യുകെയിൽ നിലവിൽ ഇ-5 പെട്രോൾ ആണ് ഉപയോഗിക്കുന്നത്. ഇതിൽ 5% വരെ ബയോഎഥനോൾ അടങ്ങിയിരിക്കുന്നു. ഇ-10 ആകുമ്പോൾ 10% വരെ വർദ്ധിക്കും. ബെൽജിയം, ഫിൻ‌ലാൻ‌ഡ്, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് യു.കെ. ഇത് കൊണ്ടുവരുന്നത്.

 

പെട്രോളിലെ മാറ്റം ഓരോ വർഷവും 3,50,000 കാറുകൾ റോഡിൽ നിന്ന് ഇല്ലാതാകുന്നതിന് തുല്യമാകുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. അടുത്ത 15 വർഷം നമ്മുടെ റോഡുകളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിൽ ഇ-10 നിർണായക പങ്ക് വഹിക്കും, ഭാവിയിൽ ഇതിന്റെ ഗുണങ്ങൾ നാമെല്ലാവരും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.”ഇലക്ട്രിക് കാറുകൾ നിർബന്ധമാക്കുന്നതിനുമുമ്പ് ഇന്ന് ഇ-10 പെട്രോൾ പ്രാബല്യത്തിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 10% ബയോഇഥനോൾ അടങ്ങിയ പെട്രോളിലേക്കുള്ള ഈ ചെറിയ മാറ്റം രാജ്യത്തുടനീളമുള്ള ഡ്രൈവർമാരെ ഓരോ യാത്രയുടെയും പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ സഹായിക്കും.” പുതിയ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് കാറുകൾ വിൽക്കുന്നത് നിരോധിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ആലോചനയ്ക്ക് ശേഷമാണ് പ്രഖ്യാപനം. 2032 ൽ തന്നെ ഇത് പ്രാവർത്തികമാകുമെന്നും ഷാപ്പ്സ് പറഞ്ഞു.

നവംബറിൽ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന യു.കെ 2050 ഓടെ മൊത്തം കാർബൺ ഉദ്‌വമനം നടത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഹരിത ബദൽ ഇന്ധന വാഹനങ്ങളിലേക്ക് മാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ കൈവരിക്കാൻ യു.കെയെ സഹായിക്കുന്നതിനുമായി കാർഷിക നിർമ്മാണ മേഖല ഉപയോഗിക്കുന്ന ഡീസലിന്റെ സബ്സിഡി ചാൻസലർ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ 15% ആണ് യു.കെയിലെ മൊത്തം ഡീസൽ വിൽപ്പന. ട്രഷറിക്ക് പ്രതിവർഷം 2.4 ബില്യൺ ഡോളറാണ് വരുമാനം.