ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യുകെയിൽ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് സായുധ സേനാംഗങ്ങൾ എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. സൈന്യവും രാജകുടുംബവും രാജ്ഞിയുടെ സേവനത്തിനായി ജീവിതം സമർപ്പിച്ചവരും ഉൾപ്പെട്ട ഒരു യാത്ര, വിൻഡ്സറിൽ ശവസംസ്കാരത്തിന് മുന്നോടിയായി അന്തരിച്ച രാജ്ഞിക്ക് ആഡംബരവും ആർഭാടവും നിറഞ്ഞ അന്തിമ വിടവാങ്ങൽ നൽകി. യുകെയിൽ നിന്നും കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുമുള്ള സൈനിക ഉദ്യോഗസ്ഥർ ലണ്ടനിലൂടെ മാർച്ച് നടത്തി. മറ്റുള്ളവർ വഴിയിൽ അണിനിരക്കുകയും, ഗാർഡ് ഓഫ് ഓണർ, മറ്റ് ആചാരപരമായ ചുമതലകൾ എന്നിവ ഏറ്റെടുത്തു നടത്തുകയും ചെയ്തു. സായുധ സേനയുടെ തലവനും അവരുടെ കമാൻഡർ-ഇൻ-ചീഫുമായി സേവനമനുഷ്ഠിച്ച രാജ്ഞിക്ക് സൈന്യവുമായി അടുത്ത വ്യക്തിപരമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ രാജ്ഞിയുടെ മൃതദേഹം അന്തിമ വിശ്രമസ്ഥലമായ വിൻഡ്സർ കാസ്റ്റിലിൽ എത്തുമ്പോഴും സേനാംഗങ്ങൾ അനുഗമിച്ചു. തിങ്കളാഴ്ച നടന്ന ആദ്യത്തേ യാത്രയിൽ ശവസംസ്കാര ശുശ്രൂഷയ്ക്കായി രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോയി. അതിനുശേഷം രണ്ടാമത്തെ യാത്രയിൽ വെസ്റ്റ് മിനിസ്റ്റർ ആബിയിൽ നിന്നും മൃതദേഹം വെല്ലിങ്ടൺ ആർച്ചിലേക്ക് എത്തിച്ചു. അതിനുശേഷം പിന്നീട് മൃതദേഹം അന്തിമ വിശ്രമസ്ഥലമായ വിൻഡ്സർ കാസ്റ്റിലിലേക്ക് കൊണ്ടുപോകാനായി ഔദ്യോഗിക വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.
മൃതദേഹം വഹിച്ചുകൊണ്ടുള്ള സെൻട്രൽ ലണ്ടനിലൂടെയുള്ള യാത്രയായിരുന്നു ഏറ്റവും ശ്രദ്ധേയം. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ നേതൃത്വത്തിലുള്ള ഏഴ് ഗ്രൂപ്പുകളാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. ഓരോരുത്തർക്കും അവരുടേതായ ബാൻഡും ഉണ്ടായിരുന്നു. അവരോടൊപ്പം തന്നെ യുകെ, കോമൺവെൽത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സായുധ സൈനികരും , പോലീസും, എൻ എച്ച് എസും യാത്രയിൽ ഉൾപ്പെട്ടിരുന്നു. രാജ്ഞിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പെട്ടിക്ക് മേലെ റോയൽ സ്റ്റാൻഡേർഡ്, ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ, രാജ്ഞിയുടെ കിരീടം പോലുള്ള ഔദ്യോഗിക ബഹുമതികൾ വെച്ചിരുന്നു. റോയൽ നേവിയുടെ ക്യാരേജിൽ ആയിരുന്നു മൃതദേഹം വഹിച്ചുകൊണ്ടുള്ള പെട്ടി ഉണ്ടായിരുന്നത്.
ഫിലിപ്പ് രാജകുമാരന്റെ അമ്മയുടെ സഹോദരനായ മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി 1979-ലാണ് ഈ ക്യാരിയെജ് അവസാനമായി ഉപയോഗിച്ചത്. രാജ്ഞിയുടെ മൃതദേഹത്തെ ഗ്രനേഡിയർ ഗാർഡ്സ്, യോമെൻ ഓഫ് ദി ഗാർഡ്, റോയൽ കമ്പനി ഓഫ് ആർച്ചേഴ്സ് എന്നിവരെല്ലാം തന്നെ അനുഗമിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട രാജാവും മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും ഉൾപ്പെടെ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും പിന്നാലെയെത്തി. രാജകുടുംബത്തിലെ മറ്റു അംഗങ്ങളും അവർക്കൊപ്പം ചേർന്നു. കാമില രാജ്ഞി, വെയിൽസ് രാജകുമാരി, വെസെക്സിലെ കൗണ്ടസ്, ഡച്ചസ് ഓഫ് സസെക്സ് എന്നിവർ കാറുകളിൽ ഘോഷയാത്രയെ അനുഗമിച്ചു. അവരുടെ പിന്നിൽ ആൻഡ്രൂ രാജകുമാരന്റെ പുത്രിമാരായ ബിയാട്രീസും യൂജെനിയും ഉണ്ടായിരുന്നു.
Leave a Reply