ലണ്ടന്‍: യൂറോപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്‌സ് മാസികയുടെ നോമിനേഷന്‍ ലിസ്റ്റില്‍ ആദ്യമായി ഇന്ത്യന്‍ വനിത ഇടം പിടിച്ചിരിക്കുന്നു. കോഴിക്കോട് വടകര സ്വദേശി നികിത ഹരിയാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്ന 30 പേരുടെ ലിസ്റ്റിലേക്കാണ് നികിത നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
30 വയസ്സിനുള്ളില്‍ ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിക്കുന്ന, വരും തലമുറയ്ക്ക് പ്രചോദനമാക്കുന്നവര്‍ക്ക് 30 അണ്ടര്‍ 30 എന്ന പേരില്‍ ഫോര്‍ബ്‌സ് മാഗസിന്‍ നല്‍കുന്ന അംഗീകാരമാണിത്. സയന്‍സ് വിഭാഗത്തിലാണ് നികിത തിരഞ്ഞെടുക്കപ്പെട്ടത്. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ വൈദ്യുത ഗ്രഡുമായി ബന്ധിപ്പിക്കുമ്പോഴുള്ള പ്രസരണം കുറയ്ക്കുന്നതിന് ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്.

29-1454068563-nikitha

മലയാളിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കാണുന്നു എന്ന് നികിത ഹരി പറഞ്ഞു. ഇന്ത്യയില്‍ നിന്നും ആദ്യ വനിതയായി തിരഞ്ഞെടുക്കപ്പെട്ടത്തില്‍ അഭിമാനമുണ്ടെന്നും രേഖപ്പെടുത്തി. വടകരയില്‍ ഇന്‌ടെക് ഇന്‍ഡസ്ട്രിസ് സ്ഥാപനഉടമയുമായ ഹരി ദാസിന്റെയും ഗീതയുടെയും മകളാണ് നികിത.

വടകരയിലെ പഴങ്കാവില്‍ നിന്നും ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ റിസേര്‍ച്ച് ചെയ്യാന്‍ അവസരം ലഭിച്ച നികിത രണ്ടായിരത്തി പതിമൂന്നിലാണ് യുകെയില്‍ എത്തിയത്. ആ വര്‍ഷം കേംബ്രിഡ്ജില്‍ റിസര്‍ച്ച് ചെയ്യാന്‍ അവസരം ലഭിച്ച ഏക ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നികിത ആയിരുന്നു. ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍സ്ട്രുമെന്ടല്‍ എന്‍ജിനീയര്‍ ആയി  കുസാറ്റില്‍ സേവനമനുഷ്ടിച്ചിട്ടുള്ള നികിത ചെന്നൈയിലെ എസ്ആര്‍എം യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് കേംബ്രിഡ്ജില്‍ പഠിക്കാന്‍ എത്തുന്നത്.

ആല്‍ബര്‍ട്ട് ഐന്‍സ്ട്ടീന്റെയും സ്റ്റീവ് ജോബ്സിന്റെയും കടുത്ത ആരാധികയായ നികിത കണ്‍വെന്ഷണല്‍ എനര്‍ജിയുടെ ട്രാന്‍സ്മിഷന്‍ ലോസ്സ് കുറയ്ക്കുന്ന ഉപകരണങ്ങളില്‍ ആണ് ഗവേഷണം നടത്തുന്നത്