സ്കൂട്ടറിൽ കോളേജിലേയ്ക്ക് പോകാനിറങ്ങിയ വിദ്യാർത്ഥിനി ലോറിയിടിച്ച് മരിച്ചു. വിയ്യൂർ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകൾ റെനിഷയാണ് ദാരുണമായി മരിച്ചത്. 22 വയസായിരുന്നു. അമ്മ നോക്കിനിൽക്കെയായിരുന്നു റെനിഷയുടെ മരണം. വീട്ടിൽനിന്ന് സ്കൂട്ടറിൽ റോഡിലേക്ക് ഇറങ്ങുന്നതിനിടെ റെനിഷയെ പാഞ്ഞെത്തിയ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഈ സമയം മകൾ കോളേജിലേയ്ക്ക് പോകുന്നത് അമ്മ മുറ്റത്തുനിന്ന് നോക്കിനിൽക്കുന്നുണ്ടായിരുന്നു. അമ്മ സുനിത തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. തൃശൂർ – വിയ്യൂർ റോഡ് സൈഡിലാണ് റെനിഷയുടെ വീട്.
വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങി മറുവശത്തേക്ക് കടക്കുന്നതിനിടെയായിരുന്നു ലോറി ഇടിച്ചു തെറിപ്പിച്ചത്. യുവതിയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങിയിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതമേറ്റതാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ഒന്നരവർഷംമുൻപാണ് റെനിഷയുടെ പിതാവ് രാമകൃഷ്ണൻ മരിച്ചത്.
കൊവിഡ് ആണ് രാമകൃഷ്ണന്റെ ജീവൻ എടുത്തത്. തുടർന്ന് വീടുകളിൽ ട്യൂഷൻ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. രേഷ്നയാണ് സഹോദരി. അരണാട്ടുകര ജോൺമത്തായി സെന്ററിലെ എംബിഎ വിദ്യാർഥിനിയാണ് റെനിഷ. വീടിനോട് ചേർന്ന് സുനിത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ദുരന്തം തുടർക്കഥയായതിന്റെ തീരാനൊമ്പരത്തിലും ഞെട്ടലിലുമാണ് കുടുംബം.
	
		

      
      



              
              
              




            
Leave a Reply