ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ലൈംഗിക പീഡന കേസിൽ മുഖ്യ കുറ്റവാളിയായ ജെഫ്രി എപ്സ്റ്റിനെ സഹായിച്ച കുറ്റത്തിന് 20 വർഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗിസ്ലയിൻ മാക്സ്വെൽ ആദ്യമായി തന്റെ സുഹൃത്തായ ആൻഡ്രൂ രാജകുമാരനെ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. ജയിലിനുള്ളിൽ വച്ച് തന്നെ നടന്ന അഭിമുഖത്തിലാണ് ഈ പുതിയ തുറന്നു പറച്ചിലുകൾ ഇവർ നടത്തിയിരിക്കുന്നത്. ഈ വിവാദത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് തന്റെ സുഹൃത്തായ ആൻഡ്രൂ രാജകുമാരൻ അനുഭവിച്ച പ്രശ്നങ്ങളെ സംബന്ധിച്ച് തനിക്ക് ദുഃഖമുണ്ടെന്ന് അവർ പറഞ്ഞു. ജെഫ്രി എപ്‌സ്റ്റീനുമായുള്ള സുഹൃദ് ബന്ധം കൊണ്ട് മാത്രമാണ് അദ്ദേഹം ഇത്രയും വില കൊടുക്കേണ്ടി വന്നതെന്ന് മാക്സ്വെൽ വ്യക്തമാക്കി. അമേരിക്കൻ ജയിൽ അധികാരികൾ ഇത്തരത്തിലുള്ള അഭിമുഖങ്ങൾക്ക് അംഗീകാരം നൽകുന്നത് അപൂർവമാണ് . ഇതോടൊപ്പം തന്നെ ആൻഡ്രൂ രാജകുമാരനും മാക്സ്വെലും 17 വയസ്സുള്ള വിർജെനിയ ഗിഫ്രെയോടൊപ്പമുള്ള വിവാദകരമായ ചിത്രം ഫേക്ക് ആണെന്നും, അതിൽ യാതൊരു സത്യവും ഇല്ലെന്നും മാക്സ്വെൽ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. മുൻപ് തന്നെ ആൻഡ്രൂ രാജകുമാരൻ ഈ ചിത്രത്തിൽ യാതൊരു സത്യമില്ലെന്നും അത് സൃഷ്ടിക്കപ്പെട്ടതാണെന്നും വ്യക്തമാക്കിയിരുന്നു.
2006-ൽ വിൻഡ്‌സർ കാസിലിലേക്ക് – മാക്‌സ്‌വെല്ലിനൊപ്പം അമേരിക്കൻ വ്യവസായിയായ എപ്‌സ്റ്റിനെ ക്ഷണിച്ചപ്പോൾ അദ്ദേഹത്തിനെതിരെ ലൈംഗിക കുറ്റകൃത്യങ്ങൾ ചുമത്തിയതായി തനിക്ക് അറിയില്ലായിരുന്നുവെന്ന് ആൻഡ്രൂ രാജകുമാരൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഈ തുറന്നു പറച്ചിൽ എത്തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കുക എന്നത് ഏവരും ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.
Leave a Reply