ജയൻ എടപ്പാൾ

ലണ്ടൻ: ഒക്ടോബർ 9ന് ലണ്ടനിൽ സംഘടിപ്പിച്ച ലോകകേരള സഭ യുകെ – യൂറോപ്പ് മേഖല സമ്മേളനത്തിന്റെ നടത്തിപ്പിനെതിരെ ചില വാർത്താമാധ്യമങ്ങളിൽ വന്ന വ്യാജ വാർത്തകളുടെ പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യത്തോടെ വെള്ളിയാഴ്ച ഒക്ടോബർ 21ന് വൈകിട്ട് ചേർന്ന ചീഫ് കോഓർഡിനേഷൻ കമ്മിറ്റി ഒന്നടങ്കം പ്രതിഷേധം അറിയിച്ചു.

ചീഫ് കോർഡിനേറ്റർ ശ്രീ. എസ് ശ്രീകുമാർ, ജോയിന്റ് കോർഡിനേറ്റർ ശ്രീ. സി എ ജോസഫ്, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് – യുക്മ ദേശീയ പ്രസിഡന്റ്), പി.ആർ.ഒ. ശ്രീ. ജയൻ എടപ്പാൾ, ട്രഷറർ ശ്രീ. ജയപ്രകാശ് മറയൂർ എന്നിവരും വിവിധ സബ് കമ്മിറ്റി കൺവീനർമാരായ ശ്രീ. കുര്യൻ ജേക്കബ് (കൈരളി യുകെ), ശ്രീ. ദിനേശ് വെള്ളാപ്പള്ളി (സമീക്ഷ യുകെ), ശ്രീ. സഫീർ എൻ കെ(കെ എം സി സി), ശ്രീ. ശ്രീജിത്ത് ശ്രീധരൻ (എം എ യു കെ) എന്നിവരും ലോക കേരളസഭ പ്രതിനിധികൾ ശ്രീ. ആഷിക് മുഹമ്മദ്‌ നാസർ, അഡ്വക്കേറ്റ് ദിലീപ്കുമാർ, ശ്രീ ലജീവ് കെ രാജൻ, ശ്രീമതി. നിധിൻ ചന്ദ്, ശ്രീ. ഷാഫി റഹ്മാൻ, ശ്രീ. സുനിൽ മലയിൽ എന്നിവരാണ് സംയുക്തമായി പ്രസ്താവന നടത്തിയത്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും യുകെയിലെ വിവിധ തൊഴിൽ-വിദ്യാർത്ഥി-സാമൂഹിക-സാംസ്‌കാരിക-മാധ്യമ മേഖലകളിൽ നിന്നും ചീഫ് കോർഡിനേഷൻ കമ്മിറ്റിയുടെ കൂടിയാലോചനപ്രകാരം നോർക്കറൂട്സ് തിരഞ്ഞെടുത്ത 142 മലയാളി പ്രതിനിധികളും നോർക്ക റൂട്സ് ഡയറക്ടർമാർ, കേരള സർക്കാർ/നോർക്ക ഉദ്യോഗസ്ഥർ, ലോക കേരളസഭ അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട പ്രതിനിധി സമ്മേളനം ആയിരുന്നു ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ ഒക്ടോബർ 9ന് കാലത്ത് സംഘടിപ്പിക്കപ്പെട്ടത്. വിവിധ വിഷയങ്ങളിലെ ഗൗരവകരമായ പ്രവാസസംബന്ധമായ ചർച്ചകളും അഭിപ്രായ ക്രോഡീകരണവും പ്രതിനിധി സമ്മേളനത്തിൽ നടന്നിരുന്നു.

മലയാളികളല്ലാത്ത ചിലർ സമ്മേളനത്തിൽ പങ്കെടുത്തെന്ന് പ്രചരിപ്പിക്കുന്ന ചില വാർത്തമാധ്യമങ്ങൾ, വസ്തുതകൾ മനസ്സിലാക്കാതെയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പ്രസ്തുത പ്രതിനിധി സമ്മേളനവും വൈകുന്നേരം നടന്ന പൊതുസമ്മേളനവും വൻ വിജയമാക്കിമാറ്റിയ യുകെയിലെ വിവിധ സംഘടന ഭാരവാഹികൾ അടങ്ങുന്ന ചീഫ് കോഓർഡിനേഷൻ കമ്മിറ്റി പത്ര പ്രസ്താവനയിലൂടെ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നോർക്ക റൂട്ട്സ് ലൈവ് സ്ട്രീമിങ് നടത്തിയ പ്രസ്തുത പരിപാടികൾ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും മലയാളികൾക്ക് വീക്ഷിക്കുവാനുള്ള സൗകര്യങ്ങളും സംഘാടക സമിതി ഒരുക്കിയിരുന്നു.

യു കെയിലെ പൊതുസമൂഹം സമീപകാലത്തുകണ്ട വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഈ മേഖല സമ്മേളനത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായ സംഘടന പാടവത്തോടെയാണ് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കക്ഷികൾ അണി ചേർന്നത്.

വളരെ ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ഏകോപ്പിപ്പിച്ച് ലോക കേരളസഭ റീജിയണൽ സംമ്മേളനം വമ്പിച്ച വിജയമാക്കിയ മുഴുവൻ പ്രവർത്തകരോടും സംഘടനകളോടും കോഓർഡിനേഷൻ കമ്മിറ്റി നന്ദി അറിയിച്ചു. കൂടാതെ ലോക കേരളസഭ മേഖല സമ്മേളനത്തിന് സാമ്പത്തികമായി സഹായിച്ച വിവിധ കമ്പനികളോടും ഏജൻസികളോടും സംഘാടകസമിതി നന്ദി അറിയിച്ചു.

നോർക്ക റൂട്ട്സിനോ കേരള സംസ്ഥാന സർക്കാരിന്റെ ഖജനാവിനോ യാതൊരു ബാധ്യതയും വരുത്താതെ സമ്മേളനം സംഘടിപ്പിക്കാനും മിച്ചം വന്ന തുക കേരള സർക്കാരിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുവാനും ഒക്ടോബർ 21ന് ചേർന്ന കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.