ശ്രദ്ധേയയായ എഴുത്തുകാരി ബീനാ റോയിയുടെ പുതിയ നോവൽ “സാരമധു” ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽവച്ച് നവംബർ അഞ്ചാം തിയതി പ്രകാശനം ചെയ്തു. ചലച്ചിത്ര താരം കോട്ടയം നസീറാണ് പ്രകാശനം നിർവ്വഹിച്ചത്. മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. കെ ഫൈസൽ പുസ്തകം ഏറ്റുവാങ്ങി. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഗീത മോഹൻ, നീത സുഭാഷ്, പ്രകാശൻ അലോക്കൻ എന്നിവർ ആശംസ നേർന്നു. മലയാളത്തിലെ മുൻനിര പബ്ളിഷേഴ്സായ കൈരളി ബുക്സാണ് നോവലിന്റെ പ്രസാധകർ.

ഓരോ വാക്കിലും ലാളിത്യത്തിന്റെ ഔന്ന്യത്യം നിറച്ച്, ഭാഷയെ ഒരു കുഞ്ഞിന്റെ മന്ദസ്മിതംപോലെ ഉൾച്ചേർക്കുന്ന നോവലാണ് “സാരമധു”. ചാർവി എന്ന കഥക് നർത്തകി സാരമതിയായി മാറുന്ന, മധുകറിനെ പ്രണയിക്കുന്ന മനോഹര രംഗങ്ങൾ. ഇംഗ്ലണ്ടിലെ സിൽവർ ഹിൽ ബുദ്ധിസ്റ്റ് മൊണാസ്ട്രി മുതൽ രാജസ്ഥാനിലെ സുന്ദരഗ്രാമങ്ങൾവരേ വ്യാപിച്ചു കിടക്കുന്ന ദൃശ്യചാരുതകൾ. ബനാറസിലെ ധ്യാനാത്മക പശ്ചാത്തലങ്ങൾ. ഒരു ഗദ്യകവിതപോലെ ഒഴുകുന്നു “സാരമധു.” ജീവന്റെ പച്ചനിറം ചാലിച്ച എഴുത്ത് എന്ന് എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ ഈ നോവലിനെ അടയാളപ്പെടുത്തുന്നു.

ചിന്തനീയമായ രണ്ട് കവിതാ സമാഹാരങ്ങളും ഒരു നോവലും വഴി മലയാളികൾക്ക് പരിചിതയാണ് യു.കെ. നിവാസിയായ ബീനാ റോയ്. “ക്രോകസിന്റെ നിയോഗങ്ങൾ” എന്ന ആദ്യസമാഹാരം ലണ്ടൻ മലയാള സാഹിത്യവേദിയാണ് പ്രസിദ്ധീകരിച്ചത്. മാനവികതയുടെ സർഗ്ഗാത്മകത തുളുമ്പുന്ന കവിതകൾ എന്ന് ശ്രീ പി.കെ ഗോപി അടയാളപ്പെടുത്തിയ രണ്ടാമത്തെ സമാഹാരമായ “പെട്രോഗ്രാദ് പാടുന്നു” കൈരളി ബുക്സ് പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിന്റെ പ്രശ്ചാത്തലത്തിൽ എഴുതപ്പെട്ട മൂന്നാമത്തെ പുസ്തകമായ “സമയദലങ്ങൾ” എന്ന നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മികവുറ്റ രചനാവൈഭവം കൈമുതലായുള്ള ഈ എഴുത്തുകാരി, വിവിധ സംഗീതആൽബങ്ങളിലായി പതിമൂന്ന് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ബൃന്ദാവനി, ഇന്ദീവരം, നിലാത്തുള്ളി, സ്വരദക്ഷിണ, സാവേരി എന്നിവയാണ് ആൽബങ്ങൾ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്. ഗർഷോം ടിവിയാണ് പാട്ടുകൾ റിലീസ് ചെയ്തത്.