ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- വർഷങ്ങൾക്ക് ശേഷം സഹപാഠികളുമായുള്ള ഒരു ഒത്തുചേരലിൽ തന്റെ പഠനകാലത്തെ ഓർമ്മകളെ സംബന്ധിച്ച് ഷൈനി എന്ന യുവതിയുടെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു. മനുഷ്യ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാനാവുന്ന നല്ല മുഹൂർത്തങ്ങളെ പ്രദാനം ചെയ്യുന്ന സമയമാണ് ഓരോരുത്തരുടെയും ക്യാമ്പസ് കാലഘട്ടം. സൗഹൃദങ്ങളും പ്രണയങ്ങളും വിവിധതരത്തിലുള്ള ഒത്തുചേരലുകളുമെല്ലാം സമൃദ്ധമാക്കുന്ന ഈ കാലഘട്ടത്തിന്റെ ഓർമ്മകൾ വാർദ്ധക്യകാലത്ത് ഏവരുടെയും വിരസത നിറഞ്ഞ നിമിഷങ്ങളെ അകറ്റുന്നവയാണ്. അത്തരമൊരു ഓർമ്മകളുടെ അയവിറക്കലാണ് ഷൈനി എന്ന യുവതി സഹപാഠികളുമായുള്ള ഒത്തുചേരലിൽ പങ്കുവെച്ചത്.

12 മക്കളുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു താനെന്ന് ഷൈനി പറയുന്നു. ഏഴ് സഹോദരന്മാരും നാല് സഹോദരിമാരുടെ ഭർത്താക്കന്മാരും ഉണ്ടായിരുന്നതിനാൽ കോളേജിൽ ആരും തന്നെ ശല്യപ്പെടുത്തുന്നതിനോ, പ്രണയാഭ്യർത്ഥനയുമായി മുന്നോട്ട് വരുന്നതിനു തയ്യാറായിരുന്നില്ല. തന്റെ അമ്മയുടെ അതിയായ ആഗ്രഹപ്രകാരം ഒരു കന്യാസ്ത്രീ ആകുവാനുള്ള എല്ലാ മാനസിക തയ്യാറെടുപ്പുകളും താൻ നടത്തിയിരുന്നതായി ഷൈനി പറയുന്നു. ഇക്കാര്യം കോളേജിൽ കുട്ടികൾക്കിടയിൽ അറിഞ്ഞതിന് പിറ്റേദിവസം താൻ കോളേജിൽ എത്തിയപ്പോൾ നേരിട്ട വാക്കുകൾ ഷൈനി തന്റെ പൂർവ്വ സഹപാഠികളുമായി പങ്കുവെച്ചു.” ഷൈനി കന്യാസ്ത്രീ ആയാൽ ഞാൻ അച്ഛനാകും” എന്നതായിരുന്നു ആ പ്രണയം നിറഞ്ഞ വാക്കുകളുടെ ഉടമ ഷൈനിയോട് പറഞ്ഞത്. തന്റെ ജീവിതത്തിലെ ആദ്യ പ്രണയ അനുഭവമായിരുന്നു അതെന്നും അത് തൻെറ ജീവിതത്തിൽ ഒരു സുഖമുള്ള അനുഭവം തന്നെയായിരുന്നു ഉണ്ടാക്കിയതെന്നും ഷൈനി സഹപാഠികളുടെ ഒത്തുചേരലിൽ ഓർമ്മിച്ചു.

ജീവിതത്തിൽ ഷൈനിയുടെ നിയോഗം ദൈവവേലയ്ക്കല്ല എന്ന് കാലം തെളിയിക്കുകയും, രണ്ടു കുട്ടികളുടെ മാതാവായി ഷൈനി തൻെറ സഹപാഠികൾക്കിടയിലേക്ക് വീണ്ടും എത്തിച്ചേരുകയും ചെയ്തു. പ്രണയത്തെ കുറിച്ചുള്ള ഷൈനിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉടനീളം ചർച്ചയായി മാറിയിരിക്കുന്നത്. ജീവിതത്തിൽ പ്രണയ അനുഭവങ്ങളും പ്രണയ നഷ്ടങ്ങളുമെല്ലാം ക്യാമ്പസ് ജീവിതത്തിന്റെ ഭാഗമാണ്. ഇവയെല്ലാം പിന്നീട് ഒരു സമയത്ത് ഓർമ്മിച്ച് ആസ്വദിക്കാനുള്ള നിമിഷങ്ങളാണ് എന്ന് ഒരിക്കൽ കൂടി ഷൈനിയുടെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. ആധുനിക ജീവിതത്തിന്റെ ഒഴുക്കിൽ നഷ്ടമാകുന്ന ക്യാമ്പസ് അനുഭവങ്ങളെ വീണ്ടെടുക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഷൈനിയുടെ വാക്കുകൾ.