ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അശ്ലീലം നിറഞ്ഞ വീഡിയോകളും ചിത്രങ്ങളും മോർഫിങ്ങിലൂടെ പങ്കുവെക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ചു ഇംഗ്ലണ്ട്. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ താക്കീതുമായി രംഗത്ത് വന്നിരിക്കുകയാണ് ഭരണകൂടം. അടുപ്പമുള്ള ആളുകളുടെ ചിത്രത്തിൽ തലവെട്ടി കയറ്റി ഓൺലൈനിൽ ഷെയർ ചെയ്യുന്ന രീതിക്ക് ഇതോടെ വിരാമമാകും. ഫേക്ക് ഫോട്ടോകൾ ഉപയോഗിച്ചു പണം തട്ടുന്നതും നിത്യസംഭവമായി മാറിയ പശ്ചാത്തലത്തിലാണ് ഈ നടപടി.

WhatsApp Image 2024-12-09 at 10.15.48 PM

അടുത്ത് കാലത്ത് റിപ്പോർട്ട്‌ ചെയ്ത പല കേസുകളും ഇതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. നിരവധി കേസുകളിൽ സ്ത്രീകളായിരുന്നു ഇങ്ങനെ ഇരയാക്കപ്പെട്ടിരുന്നത്. അനുവാദമില്ലാതെ ചിത്രങ്ങൾ നിർമിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുതിർന്നവരിൽ 14-ൽ ഒരാൾ ചിത്രങ്ങൾ ഉടമസ്ഥരുടെ അനുവാദമില്ലാതെ പങ്കുവെക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പലപ്പോഴും ഇത് ഭീഷണിപ്പെടുത്തലിന്റെ രൂപത്തിലായിരുന്നു.

വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്ന സംഘങ്ങൾ ഇതിനായി ആശ്രയിക്കുന്നത് സാങ്കേതികവിദ്യയെ തന്നെയാണ്. ഇതിലെ പ്രധാനി എന്ന് കണക്കാക്കുന്ന സൈറ്റ് കഴിഞ്ഞ ഒരു വർഷം തന്നെ 38 ദശലക്ഷത്തിലധികം ആളുകളാണ് സന്ദർശിച്ചത്. ടോറി നേതൃത്വ മത്സരത്തിൽ ഇതുമായി ബന്ധപ്പെട്ട നിർണായക വാഗ്ദാനം പ്രധാനമന്ത്രി ഋഷി സുനക് നൽകിയിരുന്നു. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോ എടുക്കുന്നത് ക്രിമിനൽ കുറ്റമാക്കുമെന്നായിരുന്നു പ്രഖ്യാപനം. അതാണ് യഥാർത്ഥത്തിൽ ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.