ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗുജറാത്ത്‌ : ഗുജറാത്തിലെ വഡോദര സ്വദേശിയായ ക്ഷമ ബിന്ദു(24)വിന്റെ വിവാഹം ഇന്ന് രാജ്യമാകെ ചർച്ച ചെയ്യുകയാണ്. പ്രണയം തന്നോട് മാത്രമാണെന്നും അതിനാൽ സ്വയം വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും ക്ഷമ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂൺ 11നാണ് വിവാഹചടങ്ങുകൾ. വധുവായി അണിഞ്ഞൊരുങ്ങി സ്വന്തമായി സിന്ദൂരം ചാർത്തുമെന്നാണ് ക്ഷമ വിശദമാക്കിയിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ക്ഷമ. ക്ഷമയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നു.

ഒരു വ്യക്തി അയാളെ തന്നെ ഇണയായി തെരഞ്ഞെടുക്കുന്നതിനെ ‘സോളോഗമി’യെന്ന് പറയുന്നു. പല വിദേശരാജ്യങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. പരമ്പരാഗത രീതികളെ തകര്‍ത്ത്, പലര്‍ക്കും മാതൃകയാകാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ക്ഷമ പറഞ്ഞു. വിവാഹത്തിന് തന്‍റെ അച്ഛനും അമ്മയും അനുവാദം നല്‍കിയിട്ടുണ്ടെന്നും വിവാഹശേഷം മധുവിധു ആഘോഷിക്കാൻ ഗോവയിൽ പോകുമെന്നും ക്ഷമ കൂട്ടിച്ചേർത്തു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ ഇന്ത്യയിൽ ഇത്തരം വിവാഹം നിയമപരമല്ലെന്നും ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്നും പലരും ആരോപിച്ചു. വലിയൊരു വിഭാഗം പേരും ക്ഷമയെ വിമര്‍ശിക്കുകയാണ് ചെയ്തത്. ക്ഷമയെ പിന്തുണയ്ക്കുന്നൊരു വിഭാഗവും ഉണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും വിഷയം ഇപ്പോഴും ‘ട്രെന്‍ഡിംഗ്’ ആയി പോകുകയാണ്.