ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നിരവധി മലയാളികളെ കുടുക്കിയ പീറ്റര്‍ബറോ ചിട്ടി തട്ടിപ്പിൽ പരാതിക്കാരന് ആശ്വാസമായി കോടതി വിധി. തട്ടിപ്പ് നടത്തിയ മലയാളി നേഴ്സായ കോതമംഗലം സ്വദേശി ഷിബി, നഷ്ടമായ തുക ഉൾപ്പെടെ 10,894 പൗണ്ട് പരാതിക്കാരന് നൽകണമെന്നാണ് കോടതി ഉത്തരവ്. ഈ വിധിക്കെതിരെ യുവതി അപ്പീൽ നൽകിയിരുന്നു. എന്നാൽ ഇത് കോടതി തള്ളിയതോടെയാണ് വാർത്ത പുറത്ത് വന്നത്. പീറ്റര്‍ബറോ കൗണ്ടി കോടതിയാണ് കേസിൽ വാദം കേട്ടത്.
നഷ്ടമായ പണം നിയമപോരാട്ടത്തിലൂടെ തിരികെ പിടിക്കണമെന്ന ജോമില്‍ എന്നയാളുടെ ഉറച്ച തീരുമാനമാണ് ധാരാളം പേരെ തട്ടിപ്പിനിരയാക്കിയ കേസിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകാൻ കാരണമായത്. നേരത്തെ നിയമപരമായി പണം തിരികെ ലഭിച്ച ജെയ്മോന്റെ വാർത്ത പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ജോമിൽ നിയമപോരാട്ടത്തിന് ഇറങ്ങിയത്. എന്നാൽ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നവരെ ഭീഷണിപ്പെടുത്താനും യുവതി ശ്രമിക്കുന്നതായി ഇതിനോടകം തന്നെ പരാതി ഉയർന്നിട്ടുണ്ട്. ജോമിലിനും ജെയ്മോനും പണം തിരികെ നൽകാൻ കോടതി വിധി വന്നത് തട്ടിപ്പിനിരയായ അനേകം ആളുകൾക്ക് നഷ്ടപ്പെട്ട പണം തിരികെ പിടിക്കാൻ പ്രചോദനം നൽകിയിട്ടുണ്ട്.
ചിട്ടികമ്പനി പൊട്ടിയതിനെ തുടർന്ന് പീറ്റര്‍ബറോയിൽ നിന്നും ഷിബിയും കുടുംബവും താമസം മാറ്റിയിരുന്നു. ആരും പരാതിയുമായി കോടതിയെ സമീപിക്കില്ലെന്ന അമിതവിശ്വാസത്തിന്റെ പുറത്താണ് താമസം മാറിയത്. എന്നാൽ രണ്ടുപേർ അനുകൂല വിധി നേടിയത് തട്ടിപ്പിനിരയായ കൂടുതൽ മലയാളികളെ നിയമപരമായി നീങ്ങാനുള്ള തീരുമാനത്തിലേക്ക് നയിക്കും. നിയമനടപടികൾക്കായി നിരവധി അഭിഭാഷക സ്ഥാപനങ്ങളെ ആളുകൾ ഇതിനോടകം തന്നെ സമീപിച്ചിട്ടുണ്ട്.
Leave a Reply