ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പതിറ്റാണ്ടുകളായി ‘പീ ഓൺ എ സ്റ്റിക്ക്’ ഇൽ നിന്ന് ആയിരുന്നു സ്ത്രീകൾ ഗർഭ പരിശോധന നടത്തിയിരുന്നത്. 3000 വർഷത്തിലേറെയായി മൂത്രം ഉപയോഗിച്ചുള്ള ഗർഭ പരിശോധനകളാണ് പിന്തുടർന്നിരുന്നത്. എന്നാൽ ഈ രീതി താമസിയാതെ കാലഹരണപ്പെട്ടേക്കാം. ഉമിനീർ ഉപയോഗിച്ച് ഗർഭധാരണം എങ്ങനെ പരിശോധിക്കാം എന്ന പഠനത്തിൻെറ അവസാന ഘട്ടത്തിൽ ആണ് ശാസ്ത്രജ്ഞർ ഇപ്പോൾ.

ലോകത്തിലെ തന്നെ ആദ്യത്തെ ഉമിനീർ അടിസ്ഥാനമാക്കിയുള്ള ഗർഭ പരിശോധന ആയ ‘സാലിസ്റ്റിക്’ അടുത്തവർഷം ഹൈ സ്ട്രീറ്റ് ഷോപ്പുകളിൽ എട്ടു പൗണ്ടിന് ലഭ്യമാകും. ഈ പുതിയ കണ്ടുപിടുത്തം താരതമ്യേന എളുപ്പമുള്ളതും 95 ശതമാനം കൃത്യതയും പ്രധാനം ചെയ്യുമെന്ന് സലിഗ്നോസ്റ്റിക്സിന്റെ സഹസ്ഥാപകൻ ഗൈ ക്രൈഫ് പറഞ്ഞു. നിലവിലെ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഈ ടെസ്റ്റിന്റെ സങ്കല്പം വളരെ ആധുനികമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രയൽ ടെസ്റ്റിൽ സാലിസ്റ്റിക്ക് 95 ശതമാനം കൃത്യത കാണിച്ചിരുന്നു.

ആദ്യം പരിശോധനയ്ക്ക് വിധേയമാകുന്ന സ്ത്രീ പ്രത്യേക രൂപകൽപ്പന ചെയ്ത സ്റ്റിക്ക് വായിൽ തെർമോമീറ്റർ വെക്കുന്ന രീതിയിൽ വയ്ക്കും. ഇതിനുശേഷം ഇത് ഒരു പ്ലാസ്റ്റിക്ക് ട്യൂബിലേക്ക് മാറ്റും. ഇവിടെ ഒരു ബയോകെമിക്കൽ പ്രവർത്തനം നടക്കും. ഉമിനീർ ഉപയോഗിച്ചുള്ള ഈ ടെസ്റ്റിന്റെ ഫലം 10 മിനിറ്റിനുള്ളിൽ തന്നെ അറിയാം. പുതിയ കണ്ടുപിടിത്തത്തിനെ അടിസ്ഥാനമാക്കി നടത്തിയ സർവ്വേകൾ പ്രകാരം ഈ രീതി ജനപ്രിയമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 70% സ്ത്രീകളും ഉമിനീർ അടിസ്ഥാനമാക്കിയുള്ള ഗർഭ പരിശോധന തിരഞ്ഞെടുക്കുമെന്നും സർവ്വേയിൽ കണ്ടെത്തിയിരുന്നു.