ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് ഡിജിറ്റൽ സ്ളീപ്പിംഗ് പിൽ പരീക്ഷിക്കാനൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ മൂന്നു റീജിയണുകളിൽ, ഉറക്കക്കുറവ് ഉള്ളവർക്കായി പുതിയ തെറാപ്പി നടപ്പാക്കാനാണ് പദ്ധതി. സ്ളീപ്പിയോ എന്ന മൊബൈൽ ആപ്പാണ് ഒക്ടോബർ മുതൽ എൻഎച്ച്എസ് നല്കുന്നത്. ഉറക്കഗുളികൾക്ക് രോഗികൾ അടിമയാകുന്നത് ഒഴിവാക്കാനാണ് ഡിജിറ്റൽ സംവിധാനം കൊണ്ടുവരുന്നത്. 2017ൽ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട് 12 മില്യൺ പ്രിസ്ക്രിപ്ഷനുകൾ  നല്കിയതു വഴി 72 മില്യൺ പൗണ്ടിന്റെ സാമ്പത്തിക ബാധ്യതയാണ് എൻഎച്ച്എസിന് ഉണ്ടായത്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ നുഫീൽഡ് ഡിപ്പാർട്ട്മെൻറ് ഓഫ് ക്ലിനിക്കൽ ന്യൂറോ സയൻസിലെ പ്രഫസർ കോളിൻ എസ്പിയാണ് ഡിജിറ്റൽ സ്ളീപ്പിംഗ് പിൽ വികസിപ്പിച്ചെടുത്തത്. ജീവിത ഗുണനിലവാരം ഉയർത്തുവാനും മരുന്നുകളുടെ അനാവശ്യ ഉപയോഗം ഒഴിവാക്കുവാനും സ്ളീപ്പിയോയ്ക്ക് കഴിയുമെന്ന് ബിഗ് ഹെൽത്തിന്റെ സ്ഥാപകനായ പ്രഫസർ കോളിൻ പറഞ്ഞു. ഓരോ രോഗിക്കും എത്രമാത്രം ഉറക്കം വേണമെന്ന് വിശകലനം ചെയ്തതിനു ശേഷം കലുഷിതമായ മനസിനെ ശാന്തമാക്കി ഉറക്കത്തിലേയ്ക്ക് നയിക്കുകയാണ് സ്ളീപ്പിയോ ചെയ്യുന്നത്.

ബക്കിംഗാംഷയർ, ബെർക്ക് ഷയർ, ഓക്സ്ഫോർഡ് ഷയർ എന്നിവിടങ്ങളിലാണ് സ്ളീപ്പിയോ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നത്.  ഒരു മില്യൺ പൗണ്ടാണ് പ്രോജക്ടിന്റെ എസ്റ്റിമേറ്റ്.  മൊബൈൽ ആപ്പ് ഏവർക്കും ലഭ്യമാണ്. ജിപിയുടെ റഫറലോ പ്രിസ്ക്രിപ്ഷനോ ഇതിനാവശ്യമില്ല. 28 മാസം നീളുന്ന പഠനമാണ് പ്രോജക്ടിലൂടെ ബിഗ് ഹെൽത്ത് നടത്തുന്നത്. ഇതു വരെ നടത്തിയ ആറ് ക്ലിനിക്കൽ ട്രയലുകളിൽ നാലിൽ മൂന്നു രോഗികൾക്ക് സ്ളീപ്പിയോ ഉപയോഗപ്രദമെന്ന് കണ്ടെത്തിയിരുന്നു. ഇനി മുതൽ ഉറക്കഗുളിക ചോദിക്കുന്നവർക്ക് വെബ് ലിങ്ക് നല്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്.