ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തൊഴിൽ രംഗത്ത് പുതിയ പരിഷ്കാരങ്ങളുമായി യു കെ. വർക്ക് ഫ്രം ഹോം രീതി കോവിഡ് കാലത്താണ് കൂടുതലായും നടപ്പിലായത്. നിലവിലെ തൊഴിൽ നിയമം അനുസരിച്ച് പുതിയ ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് 6 മാസം കഴിഞ്ഞേ വർക്ക് ഫ്രം ഹോം എടുക്കാൻ കഴിയുകയുള്ളൂ. എന്നാൽ പുതിയ പരിഷ്കാരം വരുന്നതോടെ ആദ്യദിനം മുതൽ പ്രവർത്തനരീതി തിരഞ്ഞെടുക്കാം. ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന തരത്തിൽ തൊഴിൽ രംഗത്തെ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സമീപനം.

തൊഴിലാളികൾക്ക് പരസ്പരം ജോലിഭാരം പങ്കുവെക്കാനും ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാനും ഇതിലൂടെ അവസരം നൽകുന്നുണ്ട്. കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും പരിചരിക്കുന്ന ആളുകൾക്ക് പലപ്പോഴും ജോലിഭാരം കൂടിയാകുമ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്. ഇതിനെ ലഘൂകരിക്കാനും പുതിയ പരിഷ്കരണത്തിലൂടെ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ, പുതിയ ജോലിയിൽ പ്രവേശിച്ച് ആറ് മാസത്തിന് ശേഷം മാത്രമേ തൊഴിലാളികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടാനാകൂ. ഇതുമൂലം പല ആളുകൾക്കും ജോലി ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. പുതിയ ക്രമീകരണത്തിലൂടെ ജീവിത സാഹചര്യങ്ങൾക്ക് അനുസൃതമായി തൊഴിലിടങ്ങളും മാറുന്നു എന്നതാണ് പ്രധാനം.

തൊഴിലാളികൾക്ക് അനുകൂലമായ തൊഴിൽ സാഹചര്യമൊരുക്കുക എന്നുള്ളതാണ് പ്രധാനം, അവർക്ക് ഇഷ്ടമുള്ള പ്രവർത്തന രീതി തിരഞ്ഞെടുക്കാനും തൊഴിൽ ദാതാക്കൾ തയാറാകണമെന്നും വ്യവസായ മന്ത്രി കെവിൻ ഹോളിൻറേക്ക് പറഞ്ഞു. യു കെയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിലിടമാക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പുതിയ നടപടിക്കെതിരെ വിമർശനങ്ങളുമുയരുന്നുണ്ട്. മന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മുൻ ടോറി നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് ചോദിച്ചു. ചെറുകിട ബിസിനസുകളെ തകർക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ കമ്പനികളിൽ ധാരാളം തൊഴിലാളികൾ ഉള്ളതിനാൽ പ്രശ്നം ഉണ്ടാകില്ല. എന്നാൽ ചെറുകിട കമ്പനികൾ എന്ത് ചെയ്യും, തൊഴിലാളികൾ എല്ലാം വർക്ക് ഫ്രം ഹോം എടുത്താൽ കമ്പനി എങ്ങനെ പ്രവർത്തിക്കുമെന്നാണ് ഗവണ്മെന്റ് പറയുന്നതന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
	
		

      
      



              
              
              




            
Leave a Reply