ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2022 ഡിസംബർ 7 മുതൽ മിലാൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, റോം, വെനീസ് എന്നിവിടങ്ങളിലേക്ക് 32 പുതിയ കണക്റ്റിംഗ് ഫ്ലൈറ്റുകൾ ഇൻഡിഗോ പ്രഖ്യാപിച്ചു . പുതിയ കണക്റ്റിംഗ് ഫ്ലൈറ്റുകൾ വന്നതോടെ ഇന്ത്യയിലേക്ക് അവധിക്കാലത്ത് വരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ കിട്ടുമെന്നാണ് കരുതപ്പെടുന്നത്. അവധിക്കാലത്ത് ഇന്ത്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള യാത്രക്കാരുടെ ഉയർന്ന കണക്കുകൾ പരിഗണിച്ചാണ് കൂടുതൽ കണക്റ്റിംഗ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചതെന്ന് ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.
പുതിയ ഫ്ലൈറ്റുകൾ ഇറ്റലി, യുകെ എന്നിവിടങ്ങളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടും. ഇസ്താംബുൾ വഴി മിലാൻ, മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, റോം, വെനീസ് എന്നിവിടങ്ങളിലേയ്ക്കാണ് ഫ്ലൈറ്റുകൾ ഉണ്ടാവുക. ഇതുമൂലം യൂറോപ്പിലേക്കുള്ള യാത്രാ ചിലവുകൾ താരതമ്യേന കുറയുകയും ചെയ്യും. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളിൽ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാൻ തങ്ങൾ ശ്രമിക്കുമെന്നും വിനയ് മൽഹോത്ര പറഞ്ഞു.
മിലാൻ, മാഞ്ചസ്റ്റർ, റോം, വെനീസ് എന്നിവയെല്ലാം വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പേരുകേട്ട സ്ഥലങ്ങളാണ്. ഫുട്ബോളിനും സംഗീതത്തിനും പേരുകേട്ട മാഞ്ചസ്റ്ററിലേക്കും ലണ്ടൻ കഴിഞ്ഞാൽ യുകെയിലെ ഏറ്റവും വലിയ നഗരമായ ബെർമിംഗ്ഹാമിലേക്കും പുതിയ ഫ്ലൈറ്റുകൾ വരുന്നത് യുകെ മലയാളികൾക്ക് ഒട്ടേറെ പ്രയോജനപ്പെടും. കല, ചരിത്രം, ഫുട്ബോൾ എന്നിവയ്ക്ക് പേരുകേട്ട നഗരമാണ് മിലാൻ. അതേസമയം റോം കത്തോലിക്കാ സഭയുടെ കേന്ദ്രമായതുകൊണ്ട് ഒട്ടേറെ വിശ്വാസികളാണ് സന്ദർശനത്തിനായി എത്തുന്നത്.
Leave a Reply