ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ആദ്യത്തെ വിജയകരമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സർജൻ പ്രൊഫ. സർ റോയ് കാൽനെ (93) വിടവാങ്ങി. ശനിയാഴ്ച രാത്രിയാണ് ബ്രിട്ടീഷ് സർജൻ പ്രൊഫ. സർ റോയ് കാൽനെ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. ആരോഗ്യ മേഖലയിലുള്ള തൻെറ നിസ്വാർത്ഥ സേവനങ്ങൾക്ക് അദ്ദേഹത്തിന് 2014 – ൽ ‘പ്രൈഡ് ഓഫ് ബ്രിട്ടൻ’ അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു.

യുഎസിലെ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 1968 – ലാണ് കേംബ്രിഡ്ജിലെ അഡൻബ്രൂക്ക് ഹോസ്പിറ്റലിൽ യുകെയിലെ ആദ്യത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സർ റോയ് നേതൃത്വം നൽകിയത്. അവയവങ്ങൾ മാറ്റി വയ്ക്കുമ്പോൾ, ഉണ്ടാകാനിടയുള്ള ‘റിജെക്ഷൻ’ മറികടക്കാൻ ആദ്യമായി മരുന്നുകൾ ഉപയോഗിച്ചതും ഇദ്ദേഹമാണ്. ഇത് ലോകമെമ്പാടുമുള്ള അവയവ ഗ്രാഫ്റ്റിംഗിന്റെ വലിയ മാറ്റത്തിന് കാരണമായിരുന്നു.

ഇന്ന് അവയവദാന ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന പ്രതിരോധശേഷി കുറയ്ക്കുന്ന പല മരുന്നുകളും സർ റോയ് അവതരിപ്പിച്ചവയാണ്. 1974-ൽ സർ റോയിയെ ‘ഫെലൊ’ പദവി നൽകി റോയൽ സൊസൈറ്റി ആദരിച്ചിരുന്നു.