ഇന്ത്യൻ ക്രിക്കറ്റ് ടീമംഗവും മലയാളിയുമായ സഞ്ജു സാംസൺ തങ്ങളുടെ രാജ്യത്തിനു വേണ്ടി കളിക്കാൻ അയർലൻഡ് ക്രിക്കറ്റ് ടീം താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. വിവിധ ദേശീയ സ്പോർട്സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയതത്. അയർലൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് സഞ്ജുവിന് വാഗ്ദാനവുമായി രംഗത്തെത്തിയത്. സഞ്ജുവിനെ അയർലൻഡ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കുമെന്നും എല്ലാ മത്സരങ്ങളിലും കളിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം.
‘‘സഞ്ജു ഞങ്ങളുടെ ദേശീയ ടീമിലുണ്ടെങ്കിൽ അദ്ദേഹത്തെ എല്ലാ മത്സരങ്ങളും കളിപ്പിക്കും. അദ്ദേഹം വളരെ കഴിവുള്ള ബാറ്ററാണ്, അപൂർവ പ്രതിഭകളിൽ ഒരാളാണ്. ഞങ്ങളുടെ ദേശീയ ടീമിനു കളിക്കുന്നതിനു ഞങ്ങൾ അദ്ദേഹത്തിന് ഒരു ഓഫർ നൽകുന്നു. ഞങ്ങളുടെ ടീമിന് അദ്ദേഹത്തെപ്പോലെ ഒരു നായകനും ബാറ്ററും ആവശ്യമാണ്. ഇന്ത്യൻ ടീം അദ്ദേഹത്തെ അവഗണിക്കുകയാണെങ്കിൽ, ഞങ്ങളോടൊപ്പം ചേരാം, ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുകയും എല്ലാ മത്സരങ്ങളും കളിക്കാൻ അനുവദിക്കുകയും ചെയ്യും.’’– അയർലൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.
എന്നാൽ സഞ്ജു ഈ ഓഫർ നിരസിച്ചതായാണ് റിപ്പോർട്ട്. തന്നെ പരിഗണിച്ചതിന് അയർലൻഡിനോട് സഞ്ജു നന്ദി പ്രകടിപ്പിച്ചെങ്കിലും തനിക്ക് ഇന്ത്യയ്ക്ക് വേണ്ടി മാത്രമേ കളിക്കാനാകൂവെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് കളിക്കുന്നത് ഒരിക്കലും ചിന്തിക്കാനാവില്ലെന്നും താരം പറഞ്ഞു. “എന്നെ പരിഗണിച്ചതിന് അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഓഫർ സ്വീകരിക്കാൻ കഴിയില്ല. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ കളിക്കാനാണ് ഞാൻ ക്രിക്കറ്റ് തുടങ്ങിയത്. മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ കളിക്കാൻ എനിക്ക് കഴിയില്ല. എനിക്ക് ഈ ഓഫർ സ്വീകരിക്കാൻ കഴിയില്ല, അയർലൻഡ് ക്രിക്കറ്റ് പ്രസിഡന്റിനോട് ക്ഷമിക്കണം.’’ സഞ്ജു സാംസൺ പറഞ്ഞു.
സ്ഥിരമായി പ്ലേയിങ് ഇലവൻ ടീമിൽ ഇടം ലഭിക്കുന്നില്ലെങ്കിലും അതിനായി കാത്തിരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുമെന്നും എനിക്ക് സങ്കടമില്ലെന്നും സഞ്ജു സാംസൺ അയർലൻഡിനു മറുപടി നൽകിയതായും സൂചനയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് സഞ്ജു, നിരന്തരമായി അവഗണന നേരിടുന്നെന്ന ആരോപണത്തിനിടെയാണ് ഈ റിപ്പോർട്ടെന്നത് ശ്രദ്ധേയമാണ്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ബംഗ്ലദേശ് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്താതിൽ ബിസിസിഐക്കെതിരെ വിമർശനം ഉയർന്നിരുന്നു.
	
		

      
      



              
              
              




            
Leave a Reply