ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്നലെ കേരളത്തിൽനിന്ന് യുകെയിലുള്ള മലയാളികളുടെ വീടുകളിലേയ്ക്ക് ഫോൺവിളികളുടെ ബഹളമായിരുന്നു. എല്ലാവർക്കും സംസാരിക്കാനുള്ളത് മലയാളി നേഴ്സിന്റെയും കുഞ്ഞുങ്ങളുടെയും ദാരുണമായ കൊലപാതകത്തെക്കുറിച്ചായിരുന്നു. ഒപ്പം അങ്ങ് ദൂരെയായിരിക്കുന്ന തങ്ങളുടെ മക്കളുടെ ജീവിതത്തെ കുറിച്ചുള്ള ആശങ്കയും എല്ലാ മാതാപിതാക്കളുടെയും സംസാരത്തിൽ നിഴലിച്ചിരുന്നു.

യുകെയിലെ മലയാളി സമൂഹം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്ത വാർത്തയാണ് കെറ്ററിംഗിൽ അഞ്‌ജു അശോകിനെയും (40 ) , മകനായ ജീവ (6)നെയും മകളായ ജാൻവി (4) യെയും ഭർത്താവ് സാജു കൊലപ്പെടുത്തിയ സംഭവം. ഒരു വർഷം മാത്രമേ ആയുള്ളൂ സാജുവും കുടുംബവും യുകെയിലെത്തിയിട്ട് . കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയിരുന്നു അഞ്ജു . ഡ്യൂട്ടിക്ക് അഞ്ജു വരാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

അഞ്‌ജുവും ഭർത്താവും യുകെയിലേയ്ക്ക് പോയപ്പോൾ മക്കളുടെ സംരക്ഷണം അഞ്ജുവിന്റെ പിതാവ് അശോകന്റെയും രണ്ടാനമ്മ കൃഷ്ണമ്മയുടെയും സംരക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മകളുടെയും കൊച്ചുമക്കളുടെയും ഓർമ്മയിൽ തേങ്ങുകയാണ് പിതാവ് അശോകൻ . അഞ്‌ജുവും ഭർത്താവും യുകെയിൽ ജോലി ചെയ്തിരുന്നതിനാൽ കൊച്ചുമക്കൾ അശോകന്റെ സംരക്ഷണയിലായിരുന്നു. അതുകൊണ്ടുതന്നെ ഒക്കത്ത് വച്ച് ലാളിച്ചു വളർത്തിയ കൊച്ചുമക്കളുടെയും മകളുടെയും ദാരുണ ദുരന്തത്തിനെ എങ്ങനെ അഭിമുഖീകരിക്കുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ആ പിതാവ്.

അഞ്ജുവിനേറ്റ ദുരന്തം കനത്ത ആഘാതമാണ് സഹപ്രവർത്തകരിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. ഓർത്തോപീഡിക് വാർഡിൽ ജോലി ചെയ്യുന്ന തങ്ങളുടെ സഹപ്രവർത്തകയെ കുറിച്ച് ഒട്ടേറെ പേരാണ് അനുശോചന സന്ദേശങ്ങൾ കുറിച്ചത്. ഒട്ടേറെ പേർ അഞ്ജുവിന്റെ താമസസ്ഥലത്ത് എത്തി പൂക്കളും സന്ദേശങ്ങളും അർപ്പിച്ചു. അഞ്ജു ഏറ്റുവാങ്ങിയ ദുരന്തത്തിൽ സഹപ്രവർത്തകരുടെ വേദനയെക്കുറിച്ചും അവർ പങ്കുവെച്ച അനുസ്മരണ സന്ദേശങ്ങളെകുറിച്ചും ഡെയ്ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ ഒട്ടേറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.