ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : രണ്ടാമത്തെ ലോക്ക്ഡൗണിൽ ഇംഗ്ലണ്ടിലെ ആളുകളോട് വീട്ടിൽ തന്നെ തുടരാൻ പ്രധാനമന്ത്രിയുടെ നിർദേശം. പൊതുജനങ്ങൾ അസ്വസ്ഥരാണെന്ന് തനിക്ക് അറിയാമെന്നും എന്നാൽ നാലാഴ്ചത്തെ നടപടികൾ വൈറസിനെ പ്രതിരോധിക്കുമെന്നും ബോറിസ് ജോൺസൻ പറഞ്ഞു. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി പബ്ബുകളും റെസ്റ്റോറന്റുകളും അനിവാര്യമല്ലാത്ത കടകളും വ്യാഴാഴ്ച അടയ്ക്കാൻ നിർബന്ധിതരായി. നേരത്തെ, ജോലികളെ പിന്തുണയ്ക്കുന്നതിനുള്ള ഫർലോഫ് പദ്ധതി മാർച്ച് അവസാനം വരെ യുകെയിലുടനീളം വ്യാപിപ്പിക്കുമെന്ന് ചാൻസലർ റിഷി സുനക് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 2 ന് ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങൾ അവസാനിക്കുമെന്ന് ജോൺസൻ കൂട്ടിച്ചേർത്തു. സാധാരണ പോലെ ക്രിസ്മസ് ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും ഈ രോഗപ്രതിരോധ നടപടിയിൽ പങ്കുചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. വെയിൽസ് 17 ദിവസത്തെ ഫയർബ്രേക്ക് ലോക്ക്ഡൗണിലും സ്കോട്ട്ലൻഡ് ഒരു ടയർ സിസ്റ്റത്തിലും നോർത്തേൺ അയർലൻഡ് നാലാഴ്ചത്തെ പരിമിതമായ ലോക്ക്ഡൗണിനും കീഴിലാണ് ഇപ്പോൾ.

ഫർലോഫ് സ്കീം വിപുലീകരിക്കുന്നതിനു പുറമേ, പ്രാദേശിക അധികാരികൾക്ക് ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി 1.1 ബില്യൺ പൗണ്ട് കൂടി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ ഈ രണ്ടാമത്തെ തരംഗം യഥാർത്ഥമാണെന്നും അതീവ ഗുരുതരമാണെന്നും എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. ആരോഗ്യസേവനത്തിലെ 30,000 ത്തോളം ഉദ്യോഗസ്ഥർ കൊറോണ വൈറസ് ബാധിച്ചവരാണ്. കോവിഡ് -19 ആശുപത്രി പ്രവേശനം വർധിച്ചിട്ടുണ്ടോയെന്ന് രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണിന്റെ അവസാനത്തോടെ അറിയാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം ഇന്നലെ രാജ്യത്ത് 24,141 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്‌തു. 378 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

കേസുകളുടെ കണക്കിൽ കഴിഞ്ഞ ആഴ്ചത്തേക്കാൾ 4% വർധനവ് മാത്രമാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. മരണസംഖ്യ, കഴിഞ്ഞ ആഴ്ചത്തേക്കാൾ 35% വർധിച്ചു. രണ്ടാം ലോക്ക്ഡൗണിനെ ന്യായീകരിച്ച പ്രധാനമന്ത്രി, കോവിഡ് രോഗികളുടെ വർദ്ധനവ് കാണിക്കാൻ ഒരു ചാർട്ട് ഉപയോഗിച്ചു. കോവിഡ് -19 ഉള്ള 11,000 ത്തിലധികം ആളുകൾ ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ചാർട്ട് കാണിക്കുന്നു. എന്നാൽ ആരോഗ്യ സേവനം ഇപ്പോഴും സാധാരണ ശൈത്യകാലത്തേക്കാൾ തിരക്കേറിയതായിട്ടില്ലെന്നാണ് വിദഗ്ധർ പറഞ്ഞത്. 11,000 രോഗികൾ ആരോഗ്യ സേവനത്തിന്റെ മൊത്തത്തിലുള്ള ശേഷിയുടെ 10 ശതമാനത്തിൽ താഴെയാണ് വരുന്നതെന്ന് ഗ്രാഫ് കാണിക്കുന്നില്ലെന്ന് അവർ ആരോപിച്ചു.