ഇന്ത്യൻ സംഗീത ലോകത്ത് തന്നെ ഏറ്റവും പ്രശസ്തയായ ഗായികയാണ് മലയാളത്തിന്റെ സ്വന്തം കെ.എസ് ചിത്രം. ഇത്രയും വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ നേടിയ അംഗീകാരങ്ങളേക്കാളും കെ.എസ് ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ സമ്പാദ്യം ഏക മകൾ നന്ദനയായിരുന്നു.
വളരെ വർഷത്തെ പ്രാർഥനകളുടെ ഫലമായി ലഭിച്ച മകളെ അത്രയേറെ കരുതലോടെ കൊണ്ടുനടന്നിട്ടും അകാലത്തിൽ അവളെ നഷ്ടപ്പെട്ടു പ്രിയ ഗായികയ്ക്ക്.
മകളുടെ വേർപാട് വലിയ ആഘാതമായിരുന്നു കെ.എസ് ചിത്രയിലുണ്ടാക്കിയത്. ഇപ്പോഴിത മകളുടെ പിറന്നാൾ ദിനത്തിൽ കെ.എസ് ചിത്ര സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും ഫോട്ടോയുമാണ് ശ്രദ്ധനേടുന്നത്.
‘നീ മാലാഖമാർക്കിടയിൽ സുരക്ഷിതയാണെന്ന് അറിയാമെങ്കിലും നിന്നെ എനിക്ക് മിസ് ചെയ്യുന്നുവെന്നാണ് മകളുടെ പിറന്നാൾ ദിനത്തിൽ കെ.എസ് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചത്. നീ മാലാഖമാരോടൊപ്പം സ്വർഗത്തിൽ ജന്മദിനം ആഘോഷിക്കൂ… എല്ലായിടത്തും സ്നേഹിക്കുക…. വർഷങ്ങൾ കടന്നുപോകുന്നു…. നിനക്ക് ഒരിക്കലും പ്രായമാകില്ല.’
‘നീ അകലെയാണെങ്കിലും നീ സുരക്ഷിതരാണെന്ന് എനിക്കറിയാമെങ്കിലും ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ജന്മദിനാശംസകൾ’ എന്നാണ് കെ.എസ് ചിത്ര കുറിച്ചത്. മകളെ കുറിച്ചുള്ള കെ.എസ് ചിത്രയുടെ ഹൃദയസ്പർശിയായ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ കെ.എസ് ചിത്രയെ ആശ്വസിപ്പിച്ച് നിരവധി ആരാധകർ എത്തി.
‘അമ്മയുടെ സ്നേഹവും അമ്മയുടെ വേദനയുമാണ് ഏറ്റവും തീവ്രമായത്. ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങൾ ഒരു അത്ഭുത സ്ത്രീയാണ്… ചിത്ര മാഡം.’
‘നിങ്ങളുടെ മാലാഖ നിങ്ങളുടെ ഹൃദയത്തിലും നിങ്ങളുടെ സംഗീതത്താലും ദയയാലും നിങ്ങൾ സ്പർശിച്ച എല്ലാവരിലും ജീവിക്കുന്നു’ എന്നിങ്ങനെയെല്ലാമാണ് കെ.എസ് ചിത്രയുടെ കുറിപ്പിന് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
സിനിമാ സംഗീതലോകത്തെ നിരവധി താരങ്ങളും നന്ദനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. വിവാഹശേഷം പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകൾ പിറന്നത്. അതുകൊണ്ടുതന്നെ കൃഷ്ണ ഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നൽകി. മകളെ ചിത്രയ്ക്ക് നഷ്ടമായത് ഒരു വിഷു ദിനത്തിലായിരുന്നു.
2011ലെ ഒരു വിഷു നാളിൽ ദുബായിയിൽ വെച്ച് നീന്തൽക്കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു. എട്ട് വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. ‘കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല.’
‘ആ വേർപാട് യഥാർഥത്തിൽ ഞങ്ങളിൽ എത്രത്തോളം നഷ്ടങ്ങളും വേദനയുമുണ്ടാക്കുന്നുമെന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കിൽ ഞങ്ങളുടെ പ്രിയ നന്ദന മോൾ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടാകുമായിരുന്നു. കാലം എത്ര കടന്നുപോയാലും ഈ ദുഖം ഞങ്ങൾ പേറുന്നു. അത് എക്കാലത്തും ഞങ്ങളുടെ നൊമ്പരമാണ്.’
‘ആ വേദനയിൽ കൂടി ഞങ്ങൾ കടന്നുപോകുന്നു. ഞങ്ങളെ രണ്ടുപേരെയും ഒന്നിന് പിറകെ ഒന്നായി ദൈവം അങ്ങോട്ട് വിളിച്ചുകഴിയുമ്പോൾ ഞങ്ങൾ മൂന്നുപേരും വീണ്ടും ഒരുമിച്ചു ചേരും’ എന്നാണ് മുമ്പൊരിക്കൽ മകളുടെ വേർപാടിനെ കുറിച്ച് കെ.എസ് ചിത്ര കുറിച്ചത്.
കെ.എസ് ചിത്രയുടെ മകൾ നന്ദന ഒരു സ്പെഷ്യൽ ചൈൽഡായിരുന്നു. ഇപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് കെ.എസ് ചിത്ര മലയാളത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്. പക്ഷെ എന്നും കെ.എസ് ചിത്രയുടെ ഒരു ഗാനമെങ്കിലും മലയാളിയുടെ ജീവിതത്തിലൂടെ വന്നുപോകാതിരിക്കില്ല.
മുഷിഞ്ഞ് സംസാരിക്കാനും മുഖംകറുപ്പിച്ച് പെരുമാറാനും പൊതുവെ അറിയാത്തൊരാൾ കൂടിയാണ് കെ.എസ് ചിത്ര. മറ്റൊരാള്‍ക്ക് വിഷമമുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകാനാണ് താൻ ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെയാകണം ഇത്രയും കാലത്തിനിടെ വലിയതോതിലുള്ള ക്രിട്ടിസിസമൊന്നും വരാത്തതെന്നും മുമ്പൊരിക്കൽ കെ.എസ് ചിത്ര പറഞ്ഞിട്ടുണ്ട്.
Leave a Reply