തമിഴ്നാട്ടിലെ നാമക്കൽ മോഹനൂരിൽ വീട്ടിൽ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. ഒരു കുടുംബത്തിലെ മൂന്നുപേരും സമീപത്ത് താമസിച്ചിരുന്ന വയോധികയുമാണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് സാരമായി പൊള്ളലേറ്റു. പടക്കക്കട ഉടമയും വീട്ടുടമസ്ഥനുമായ തില്ലൈ കുമാർ (35), ഭാര്യ പ്രിയ (25), ഭാര്യാമാതാവ് ശെൽവി (60), അയൽക്കാരി പെരിയക്ക (72) എന്നിവരാണ് മരിച്ചത്.

തില്ലൈകുമാറിന്റെ മകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പടരുന്നതിനിടെ കുട്ടിയെ വീടിനുപുറത്താക്കിയതാണ് മകളുടെ ജീവന് രക്ഷയായത്. തില്ലൈ ഫയർ വർക്‌സ് ഉടമയായ തില്ലൈകുമാർ പുതുവത്സരാഘോഷത്തിന് വിൽക്കാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്. അനധികൃതമായി എത്തിച്ച പടക്കമായിരുന്നുവെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമായത്. മകൾക്ക് പാൽ കാച്ചാൻ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. സാധനങ്ങൾ എടുത്ത് മടങ്ങുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ഫോടനത്തിൽ വീട് പൂർണമായും തകർന്ന നിലയിലാണ്. അഗ്നിരക്ഷാസേനാവിഭാഗം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ തൊട്ടടുത്ത മറ്റൊരു വീട് ഇടിഞ്ഞുവീണാണ് പെരിയക്ക മരിച്ചത്. സ്ഫോടനമുണ്ടായ വീടിനു ചുറ്റുമുള്ള അൻപതോളം വീടുകൾക്ക് വിള്ളലുണ്ടായതിനെത്തുടർന്ന് ഇവിടെയുള്ളവരെ താത്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. തൊട്ടടുത്ത സ്‌കൂളിൽ ഇവർക്ക് ഭക്ഷണവും മറ്റും ഏർപ്പെടുത്തി.