യുവസംവിധായിക നയനാ സൂര്യയുടെ ദുരൂഹമരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് സര്‍ജന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേട്. പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയ ക്ഷതം സര്‍ജന്റെ മൊഴിയിലില്ല. ‘കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തില്‍ സംശയമില്ല’ എന്ന് ഉറപ്പിച്ചാണ് സര്‍ജന്റെ മൊഴി. എന്നാല്‍ അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തെ കുറിച്ച് സര്‍ജന്റെ മൊഴിയില്‍ പരാമര്‍ശമില്ല. നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നല്‍കുന്ന ഈ മൊഴി കൊലപാതക സാധ്യത തള്ളിക്കളയുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായ ഡോ. കെ.ശശികലയുടേതാണ് ഈ ദുരൂഹ മൊഴി.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെയും പൂര്‍ണമായി വിശ്വസിക്കാനാവുന്നില്ലയെന്നതാണ് മറ്റൊരു പ്രശ്‌നം. വലത് വൃക്കയുടെ അടിവശത്താണ് രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അടിവയറിന്റെ ഇടതുഭാഗത്താണ് ക്ഷതമേറ്റതെന്ന കണ്ടെത്തലുമുണ്ട്. വൃക്കയും പാന്‍ക്രിയാസും അമര്‍ന്നാണ് ആന്തരിക രക്തസ്രാവമുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ക്ഷതം ഇടത് വശത്തും രക്തസ്രാവം വലത് വശത്തും വന്നതാണ് സംശയത്തിന് ഇടനല്‍കുന്നത്. ഇതോടൊപ്പം മൂത്രാശയം ഒഴിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന കണ്ടെത്തല്‍ നയനയ്ക്ക് ചവിട്ടേറ്റെന്ന സൂചനയും നല്‍കുന്നുണ്ട്. ഇതിലൊന്നും വ്യക്തത നല്‍കാത്തതാണ് സര്‍ജന്റെ മൊഴി. നയനയുടെ മരണത്തെ വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥയുമായി കൂട്ടിക്കെട്ടുന്ന തരത്തിലാണ് സര്‍ജന്‍ മൊഴി നല്‍കിയിരിക്കുന്നത്.

കേസിന്റെ തുടക്കം മുതല്‍ ഉടലെടുത്ത സംശയങ്ങളും പൊലീസിന്റെ വീഴ്ചകളും കണക്കിലെടുത്ത് വിശദമായ അന്വേഷണമാണ് നയനയുടെ കുടുംബം ആവശ്യപ്പെടുന്നത്. പുതിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ വിശ്വാസം പ്രകടിപ്പിക്കുമ്പോഴും കാര്യമായ പുരോഗതി ഇല്ലെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിട്ടുമുണ്ട്. കേസില്‍ വലിയ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയും കുടുംബം തേടിയിട്ടുണ്ട്.

നയനയുടെ മരണം കൊലപാതകം തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് കുടുംബത്തോടൊപ്പം സുഹൃത്തുക്കളും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്പ്പിക്കാനും മരണം ആത്മഹത്യയാക്കാന്‍ പൊലീസിനെ കൊണ്ട് തിരക്ക് കൂട്ടാനും കഴിവുള്ള ആരോ ഒരാളാണ് പിന്നിലെന്നും ഇവര്‍ കരുതുന്നു. തെളിവുകളും പൊലീസിന്റെ വിചിത്രമായ നീക്കങ്ങളും ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. തിരുവനന്തപുരത്തെ ഭരണകക്ഷിയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും നയനയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം അദ്ദേഹം പങ്കാളിയായിരുന്ന ചില പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയങ്ങളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതും മരണവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇയാള്‍ നയനയെ ഭീഷണിപ്പെടുത്തിയെന്ന സുഹൃത്തുക്കളുടെ ആരോപണം ഇതിനോടൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടതാണ്.

മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നയനയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവ രണ്ട് പരിശോധനയ്ക്ക് ശേഷം തിരിച്ച് നല്‍കിയപ്പോള്‍ മുഴുവന്‍ ഡേറ്റയും തേയ്ച്ച് മായ്ച്ച് കളഞ്ഞിരുന്നു. മൊബൈല്‍ പരിശോധിച്ചപ്പോള്‍ മെസേജുകള്‍ പൂര്‍ണമായും മായ്ച്ചിട്ടുണ്ടെങ്കിലും കോണ്‍ടാക്ട് നമ്പരുകള്‍ ഫോണിലുണ്ടായിരുന്നു. എട്ട് മാസത്തിന് ശേഷം ലഭിച്ച ലാപ്‌ടോപ്പും ശൂന്യമായിരുന്നു. സിനിമകളും ചിത്രങ്ങളും ഉള്‍പ്പെടെ നീക്കം ചെയ്ത നിലയിലായിരുന്നു. കൂടാതെ നയന കഴുത്തില്‍ കുടുക്കിയ നിലയില്‍ കാണപ്പെട്ട വസ്ത്രത്തിനു പകരം മറ്റൊരു തുണിക്കഷ്ണമായിരുന്നു പൊലീസ് നല്‍കിയത്.

ചുരുട്ടിയ നിലയില്‍ പുതപ്പ് ഉണ്ടായിരുന്നുവെന്ന് മഹസ്സറില്‍ രേഖപ്പെടുത്തിയ പൊലീസ് തിരിച്ചു നല്‍കുമ്പോള്‍ അതെങ്ങനെ കര്‍ട്ടന്‍ തുണിയാകുമെന്ന സംശയം ഇനിയും ബാക്കി. കൂടാതെ മൃതദേഹം അകത്ത് നിന്ന് പൂട്ടിയ മുറിയിലായിരുന്നുവെന്ന പൊലീസിന്റെ ‘കണ്ടെത്തല്‍’ സംഭവ സ്ഥലത്തുണ്ടായിരുന്ന സുഹൃത്ത് തന്നെ തെറ്റാണെന്ന് ഉറപ്പിച്ച് പറയുന്നു. ഇത്തരത്തില്‍ തെളിവ് പൊലീസ് തന്നെ നശിപ്പിച്ചെന്ന ഗുരുതരമായ ആരോപണമാണ് നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉയര്‍ത്തുന്നത്.

മരിച്ച ദിവസം നയനയ്‌ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മൊഴിയെടുക്കാത്തതും വീട്ടുടമസ്ഥന്‍ സംഭവത്തിന് രണ്ടാം ദിവസം വിദേശത്തേക്ക് പോയതും ദുരൂഹത കൂട്ടുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട വ്യക്തിക്ക് എങ്ങനെ വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞുവെന്നാണ് നയനയുടെ സുഹൃത്തുക്കള്‍ ചോദിക്കുന്നത്.

മത്സ്യബന്ധന തൊഴിലാളിയായ കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്‍ – ഷീല ദമ്പതികളുടെ മകള്‍ നയനസൂര്യയെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നേരത്തെ പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയ നയന പത്തുവര്‍ഷത്തോളം സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയന മരണപ്പെട്ടത്

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകര മഞ്ഞിലൂടെയായിരുന്നു സിനിമാ രംഗത്തേയ്ക്ക് നയന പ്രവേശിക്കുന്നത്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുള്ള വ്യക്തികൂടിയായിരുന്നു നയന സൂര്യ. സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി മാറുകയായിരുന്നു. മരണപ്പെടുന്നതിന് മുന്‍പ് വരെ മലയാളസിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നയന നിറ സാന്നിധ്യമായിരുന്നു.

ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കമലിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകന്റെ കൂടെ 100 ഡേയ്‌സ് ഓഫ് ലവ്, ലെനിന്റെ തന്നെ ഇടവപ്പാതി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി നയന പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ്‌ഷോകളിലും അസിസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ആണ് നയനയെ സിനിമയുമായി ബന്ധപ്പെട്ടുത്തിയത്. സിനിമ ചെയ്യണമെന്ന ആഗ്രഹമുദിച്ചതിനെ തുടര്‍ന്ന് നയന ലെനിന്‍ രാജേന്ദ്രനുമായി ബന്ധപ്പെടുകയും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമായിരുന്നു.