ടോം ജോസ് തടിയംപാട്
രാക്ഷസരൂപം പൂണ്ട ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിനു വിധേയമായി മരണം വരിച്ച യു കെയിലെ കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിലെ നേഴ്‌സായിരുന്ന കോട്ടയം വൈക്കം സ്വദേശി കുലശേഖരമംഗലം അറക്കൽ അശോകന്റെ മകൾ അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ ശനിയാഴ്ച ഉച്ചകഴിഞ്ഞു ഒരു മണിയോട് കൂടി വീട്ടുവളപ്പിൽ തയ്യാറാക്കിയ ചിതയിൽ ദഹിപ്പിച്ചു . അഞ്ജുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും സാമൂഹിക പ്രവർത്തകരും അടങ്ങുന്ന വലിയൊരു ജനാവലി അന്ത്യകർമ്മങ്ങൾക്കു സാക്ഷിയായി .
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാഞ്ചെസ്റ്റെറിൽ നിന്നുപുറപ്പെട്ട വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയത്. ശനിയാഴ്ച രാവിലെ 8 മണിക്കു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ അഞ്ജുവിന്റെ കുടുംബവും സാമൂഹിക പ്രവർത്തകരും മൃതദേഹം സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു അവിടെനിന്നും ആംബുലൻസിൽ മൃതദേഹങ്ങൾ വൈക്കത്തെ വീട്ടിലേക്കു കൊണ്ടുപോയി 10 മണിമുതൽ ഒരു മണിവരെ പൊതു ദർശനത്തിനു വച്ചതിനു ശേഷമാണു ചിതയിലേക്ക് എടുത്തത് അഞ്ചുവിന്റെ സഹോദരിയുടെയും മാതാവിന്റെയും പിതാവിന്റെയും കരച്ചിലുകൾ ആരുടെയും ഹൃദയം തകർക്കുന്നതായിരുന്നു .ഞാനും നിന്റെകൂടെ വരുമെന്ന പിതാവിന്റെ വാക്കുകൾ സഹിക്കാവുന്നതായിരുന്നില്ല .
അഞ്ചുവിന്റെ ബന്ധുക്കൾ ആരും യു കെയിൽ ഇല്ലാത്തതുകൊണ്ട് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം NEXT OF KIN ആയി ചുമതലപ്പെടുത്തിയത് മനോജ് മൃതദേഹത്തെ അനുഗമിച്ചു നാട്ടിൽ എത്തിയിട്ടുണ്ട് . അഞ്ജുവിന്റെ സ്വർണ്ണം ഉൾപ്പെടെയുള്ള സ്വാകാര്യ വസ്തുക്കളും കുട്ടികളുടെ വസ്തുക്കളും പോലീസ് മനോജിന്റെ കൈവശം കൊടുത്തുയച്ചിട്ടുണ്ട്. അവ പൊതുപ്രവർത്തകരെയും നാട്ടുകാരെയും സാക്ഷിനിർത്തി അഞ്ജുവിന്റെ പിതാവിനെ കൈമാറി .
അഞ്ജുവിന്റെ കേസ് അന്വേഷിക്കുന്ന രണ്ടു പോലീസ് ഓഫീസർമാർ മൃതദേഹത്തോടൊപ്പം നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു എന്നാൽ സാങ്കേതിക കരങ്ങളാൽ അവർ യാത്ര മാറ്റിവച്ചു അടുത്ത ദിവസം തന്നെ അവർ നാട്ടിലെത്തി അഞ്ചുവിന്റെ കുടുംബത്തെയും ഭർത്താവിന്റെ കുടുംബത്തെയും കാണുമെന്നുമാണ് അറിയുന്നത്. തോമസ് ചാഴികാടൻ എം പി ,സി കെ ആശ എം എൽ എ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
യു കെ മലയാളി ചരിത്രത്തിൽ ആദ്യമായിട്ടാണ് പിഞ്ചു കുട്ടികളെ കൂട്ടക്കുരുതി നടത്തിയ ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ അഞ്ജുവും കുട്ടികളും കൊല്ലപ്പെട്ട ഫ്ലാറ്റിനു മുൻപിൽ ഇംഗ്ലീഷ് സമൂഹവും മലയാളിസമൂഹവും പുഷ്പ്പങ്ങൾ കൊണ്ട് നിറച്ചാണ് അവരുടെ ആദരവുപ്രകടിപ്പിച്ചത് കെറ്ററിംഗിലെ പൊതുദർശന സമയത്തും വലിയ ഇംഗ്ലീഷ് ,മലയാളി സമൂഹങ്ങളുടെ സാന്നിധ്യം അനുഭപ്പെട്ടിരുന്നു.
ഡിസംബർ 15 നാണ് അഞ്ചുവും(35 ) മക്കളായ ജീവ (6 ),ജാൻവി (4 ) എന്നിവരും കൊല്ലപ്പെട്ടത്. കൊലനടത്തിയ അഞ്ചുവിന്റെ ഭർത്താവു കണ്ണൂർ സ്വദേശി സജു (54 ) ചെലവേലിയിൽ ഇപ്പോഴും ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലാണ് . അഞ്ജുവിന്റെ മൃതദേഹം പിഞ്ചുകുഞ്ഞുങ്ങളോടൊപ്പം ചിതയിൽ അമർന്നപ്പോൾ ഒരു പാടു ചോദ്യങ്ങൾ ബാക്കിയാണ് എന്തിനു സജു ഈ ക്രൂരത കാണിച്ചു ?അതിനു പോലീസ് മറുപടി പറയും എന്നതിൽ സംശയമില്ല. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് ഈ ക്രൂരതയ്ക്ക് ഞങ്ങൾ മാക്സിമം ശിക്ഷ മേടിച്ചുകൊടുക്കുമെന്നാണ്.
വളരെ വലിയ സ്വപ്നങ്ങളുമായി യു കെയിൽ എത്തിയ ഒരു കുടുംബം മാത്രമല്ല തകരുന്നത് മകളെ കൂലിപ്പണിയെടുത്തു പഠിപ്പിച്ചു യു കെ യിൽ എത്തിച്ച അഞ്ജുവിന്റെ പിതാവ് അശോകന്റെയും മാതാവിന്റെയും ജീവിതംകൂടിയാണ് തകരുന്നത്. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനു വേണ്ടിവന്ന 6400 പൗണ്ട് ചിലവ് ബ്രിട്ടനിലെ ഇന്ത്യൻ എംബസിയാണ് വഹിച്ചത് . അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ കെറ്ററിംഗ് മലയാളി വെൽഫേയർ അസ്സോസിയേഷനും( KMWA ) .യുക്മയും കൂടി 32 ലക്ഷം രൂപ സ്വരൂപിച്ചിട്ടുണ്ട്. ഈ പണം ഏറ്റവും അടുത്ത ദിവസം അഞ്ജുവിന്റെ കുടുംബത്തിനു കൈമാറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Leave a Reply