ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശങ്ങളുള്ള ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്തു. കഴിഞ്ഞ ദിവസം യുകെ സമയം രാത്രി 9 മണിക്കായിരുന്നു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം. അതായത് ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക്.
നരേന്ദ്ര മോദി 2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള കാര്യങ്ങളാണ് ഡോക്യുമെന്ററിയിൽ പ്രധാനമായും ഉണ്ടായിരുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, ആംനെസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.
2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം ഇന്ത്യയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ബിബിസി രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തുകയും തുടർന്ന് യൂട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ലിങ്കുകൾ പിൻവലിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ സമൂഹ മാധ്യമങ്ങൾ ഇതേ തുടർന്ന് കർശനമായ നിരീക്ഷണത്തിലുമായിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ എതിർപ്പുകൾ മറികടന്നാണ് ഇപ്പോൾ രണ്ടാം ഭാഗവും ബിബിസി പുറത്തിറക്കിയത്. എന്നാൽ ഇന്ത്യയിൽ സംപ്രേഷണം ഇപ്പോൾ ലഭ്യമല്ല.
യുകെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററി പങ്കുവെക്കുന്നത്. ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. കലാപങ്ങളെ കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അയച്ച സംഘം വളരെ വിശദമായ റിപ്പോര്‍ട്ടാണ് നൽകിയതെന്ന് കലാപസമയത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജാക് സ്ട്രോ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
‘ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഇന്ത്യ ബ്രിട്ടനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രമാണ്. എന്താണ് സംഭവിച്ചതെന്ന് ബ്രിട്ടന് ബോധ്യമാകാനാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. അവര്‍ വളരെ സമഗ്രമായ റിപ്പോര്‍ട്ടാണ് തയാറാക്കിയത്’– ജാക് സ്ട്രോ പറഞ്ഞു.
ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇറങ്ങിയപ്പോൾ ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടായ ചര്‍ച്ചയില്‍ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നിലപാട് സ്വീകരിച്ചിരുന്നു. മോദിയെ ചിത്രീകരിച്ച രീതി അംഗീകരിക്കുന്നില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസി അധികൃതർ ഇപ്പോഴും. ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കയും വിലക്ക് ലംഘിച്ച് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
Leave a Reply