ദ്രാവിഡ മണ്ണിൽ കണ്ണും നട്ട് അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലേക്ക്; അമിത് ഷായുടെ തന്ത്രങ്ങൾ ഫലം ചെയ്യുമോ ? ബിജെപിക്ക് തമിഴ്‌നാട് ബാലികേറാമല…

ദ്രാവിഡ മണ്ണിൽ കണ്ണും നട്ട് അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലേക്ക്; അമിത് ഷായുടെ തന്ത്രങ്ങൾ ഫലം ചെയ്യുമോ ? ബിജെപിക്ക് തമിഴ്‌നാട് ബാലികേറാമല…
November 21 03:24 2020 Print This Article

ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട് സന്ദർശിക്കും. സർക്കാർ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനത്തിനു ഏറെ പ്രസക്‌തിയുണ്ട്. രാജ്യത്ത് ബിജെപിയുടെ വളർച്ചയ്‌ക്ക് ഒരുതരത്തിലും അനുകൂലമല്ല തമിഴ് മണ്ണ്. അതുകൊണ്ട് തന്നെ ബിജെപിയെ സംസ്ഥാനത്ത് വളർത്താനുള്ള രാഷ്‌ട്രീയ തന്ത്രങ്ങൾ അമിത് ഷാ മെനഞ്ഞേക്കും.

അണ്ണാ ഡിഎംകെയുമായി സഖ്യം തുടരണമോ എന്നടക്കമുള്ള കാര്യങ്ങൾ അമിത് ഷായുടെ നേതൃത്വത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ, അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനം ബിജെപിക്ക് വേണ്ടി മാത്രമുള്ളതാണെന്നും സംസ്ഥാനത്ത് യാതൊരു ചലനവും സൃഷ്‌ടിക്കില്ലെന്നുമാണ് അണ്ണാ ഡിഎംകെ അടക്കം അവകാശപ്പെടുന്നത്. അണ്ണാ ഡിഎംകെയുമായി ബിജെപിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തിൽ സഖ്യം ഇനി തുടരണമോ എന്ന കാര്യത്തിൽ അമിത് ഷായുടെ നേതൃത്വത്തിൽ ആലോചനകൾ നടക്കും. സംസ്ഥാനത്ത് സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി നടത്താൻ നോക്കിയ വേൽ യാത്ര അണ്ണാ ഡിഎംകെ സർക്കാർ തടഞ്ഞത് ഏറെ ശ്രദ്ധേയമാണ്.

സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ഷാ കൂടിക്കാഴ്‌ച നടത്തും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബിജെപിക്ക് ലഭിച്ചത് നാല് ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ്.

ഇന്ന് ഉച്ചയോടെ ചെന്നെെയിലെത്തുന്ന അമിത് ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനു ശേഷമാണ് മടങ്ങുക. അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles