ടോം ജോസ് തടിയംപാട്
ഒരു ആഡംബര കപ്പൽ യാത്രയെപറ്റി മനസ്സിൽ വരുമ്പോളെല്ലാം ഓർമ്മയിൽ വരുന്നത് ടൈറ്റാനിക് കപ്പൽ ദുരന്തവും അതിനെ തുടർന്ന് വന്ന ടൈറ്റാനിക് സിനിമയയും ആ സിനിമയിൽ കാണിക്കുന്ന കപ്പലിലെ മനോഹാരിതയുമാണ് . ലിവർപൂളിലെ ആൽഫെഡ് ഡോക്കിൽ പലപ്പോഴും വന്നുപോകുന്ന ആഡംബര കപ്പലുകൾ കാണുമ്പോൾ ഒരിക്കൽ ഇങ്ങനെയൊരു ഒരു യാത്ര പോകണമെന്ന് ആഗ്രഹിച്ചിരുന്നു ,അങ്ങനെ ഇരിക്കുമ്പോഴാണ് ബെർമിഗമിൽ താമസിക്കുന്ന ജയ്മോൻ ജോർജ് എം.എസ്സി വെർച്ച്യുർസ് എന്ന കപ്പൽ യാത്ര പോകുന്നതിനെ പറ്റി പറയുന്നത് ,പിന്നെ ആലോചിച്ചില്ല ഞങ്ങൾ രണ്ടു കുടുംബങ്ങൾ യാത്രപോകാൻ തീരുമാനിച്ചു .ഒരു ഫാമിലിക്കുള്ള ആകെ ചിലവ് 1750 പൗണ്ട് മാത്രമായിരുന്നു ഇതിൽ എല്ലാചിലവും ഉൾപ്പെട്ടിരുന്നു .
ഞങ്ങൾ 2021 , ഓഗസ്റ്റ് മാസം പത്താം തീയതി 7 ദിവസത്തെ കപ്പൽ യാത്രക്കായി ലിവർപൂളിൽ ആൽഫെഡ് ഡോക്കിലെത്തി. കോവിഡ് ബാധിച്ചില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,പാസ്പോർട്ട് , മുതലായ ഒരു ഫ്ലൈറ്റ് യാത്രയ്ക്ക് വേണ്ട എല്ലാ രേഖകളുമായിട്ടാണ് ഞങ്ങൾ എത്തിയത് കപ്പലിൽ കയറുന്നതിനു മുൻപുള്ള എല്ല ചെക്കിങ്ങുകൾക്കും ശേഷം ഞങ്ങളുടെ ബാഗുകൾ അവിടെ വാങ്ങി അത് പിന്നീട് റൂമിൽ എത്തിച്ചു തരും എന്നും അറിയിച്ചു. പിന്നീട് ഞങ്ങളെ ഒരു കോച്ചിൽ കയറ്റി കപ്പൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയി . കപ്പൽ അടുത്തുനിന്നും കണ്ടപ്പോൾ തന്നെ വളരെ അതിശയം തോന്നി കപ്പലിൽ കയറുന്നതിനു മുൻപ് ഒരിക്കൽ കൂടി ഐഡന്റിറ്റി ചെക്കപ്പ് നടത്തി ഒരു കാർഡും കൈയിൽ കെട്ടാൻ വാച്ചു പോലുള്ള ഒരു സ്കാനറും തന്നു . നമ്മൾ ബാറുകളിൽ ചെന്ന് മദ്യവും,, ഭക്ഷണശാലയിൽ ഭക്ഷണ൦ കഴിക്കുന്ന സ്ഥലത്തു൦ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചു സ്കാൻ ചെയ്യണം .
ഏകദേശം 3 മണിയോടുകൂടി ഞങ്ങൾ കപ്പലിൽ ഉള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ഞങ്ങളെ സ്വീകരിക്കാൻ സ്റ്റാഫ് എത്തിച്ചേർന്നു അവർ ഞങ്ങളെ ലിഫ്റ്റിൽ 10 -മത് നിലയിലേക്ക് ആനയിച്ചു പിന്നീട് ഞങ്ങളെ റൂമിൽ കൊണ്ടുപോയി കാണിച്ചു തന്നു അതിനുശേഷം അവർ ഞങ്ങളെ 15 -മത്തെ നിലയിലെ അതി വിശാലമായ ഡൈനിങ് റൂമിലേക്ക് നയിച്ചു ബൊഫെയാണ് അവിടുത്തെ സിസ്റ്റെം ലോകത്തു വിവിധ ദേശങ്ങളിലെ ഒട്ടു മിക്ക ഭക്ഷണവും അവിടെ ലഭ്യമാണ് ഞങ്ങൾ വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം തിരിച്ചു റൂമിൽ ചെന്നപ്പോൾ ഞങ്ങളുടെ പെട്ടികൾ എത്തിയിരുന്നു പിന്നീട് എല്ലാവരും കപ്പൽ കാണുന്നതിവേണ്ടി മുകൾ തട്ടിലേക്ക് പോയി .
19 നിലകളാണ് കപ്പലിനുള്ളത് ഏറ്റവും മുകൾ തട്ടിൽ വിശാലമായ സിമ്മിങ് പൂൾ കൂടാതെ ചെറിയ സിമ്മിങ് പൂളുകൾ ധാരാളമായിയുണ്ട്. കൂടാതെ ജിംനേഷ്യം, വിവിധ സ്പോർട്ട്സുകൾക്കു വേണ്ടിയുള്ള ഗ്രൗണ്ടുകൾ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള സ്ഥലം , വാട്ടർ പാർക്ക് ,സിനിമ തീയേറ്റർ .സിമിലൈറ്റർ ,4 D സിനിമ ,കൂടാതെ നടക്കാനും ഓടാനും ഉള്ള സൗകര്യങ്ങൾ എന്നിങ്ങനെ അതിവിശാലമായ കാഴ്ചകളാണ് മുകളിൽ കണ്ടത് . ഞങ്ങൾ ഇതെല്ലാം കണ്ടുനിന്നപ്പോൾ ഏകദേശം 7 മണിയോടുകൂടി കപ്പൽ പതിയെ അനങ്ങി യാത്ര തുടങ്ങി എന്ന് മനസിലായി. മേഴ്സി നദിയിൽ പുറകോട്ടു പോയി തിരിഞ്ഞു വന്നു ഐറിഷ് കടലിനെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു .
ഞങ്ങൾ ഡ്രസ്സ് മാറി 8 മണിക്ക് ഡിന്നറിനു പോയി 5 മത്തെ നിലയിൽ ആയിരുന്നു ഡിന്നർ. അടുത്ത ഏഴുദിവസത്തെ ഞങ്ങളുടെ ഡിന്നർ ഇവിടെ തന്നെ ആയിരുന്നു ഡിന്നറിനു വന്നവരെല്ലാം നല്ല മനോഹരമായ ഡ്രസ്സുകൾ ധരിച്ചാണ് വന്നത് വൈകുന്നേരത്തെ ഡിന്നർ മെനു അനുസരിച്ചു മേശയിൽ കൊണ്ടുവന്നു തരും ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ സംവിധാനമാണ് അവിടെ കണ്ടത് .
ഡിന്നർ കഴിഞ്ഞ ശേഷം ഞങ്ങൾ കപ്പലിന്റെ വിവിധ ഭാഗങ്ങൾ കാണാൻ പോയി പോകുന്ന വഴിയിൽ ഇഷ്ടംപോലെ ബാറുകൾ ഉണ്ട് അവിടെനിന്നും ഞങ്ങൾ ചെറിയ രീതിയിൽ മദ്യപാനം നടത്തി കപ്പലിൽ എല്ലാം ഫ്രീയാണ് .സംഗീതം ആലപിക്കുന്നവർ , നൃത്തം ചെയ്യുന്നവർ അങ്ങനെ പോകുന്നു വിവിധയിനം പരിപാടികൾ. കപ്പലിന്റെ മധ്യഭാഗത്തു അതിമനോഹരമായി നിൽക്കുന്ന കോവണിയിൽ നിന്ന് ഫോട്ടോ എടുക്കാൻ ആളുകൾ തിരക്കു കൂട്ടുന്നത് കാണാമായിരുന്നു .
രാത്രിയിൽ കപ്പലിന്റെ കുറച്ചു ഭാഗം കൂടി കണ്ടതിനു ശേഷം ഉറങ്ങാൻ പോയി റൂമിലേക്ക് നടക്കുമ്പോൾ ടൈറ്റാനിക്ക് കപ്പലിൽ കിടന്നുറങ്ങുന്ന റൂമുകളിലേക്ക് വെള്ളം കയറുന്ന ഓർമ്മയാണ് മനസ്സിൽ നിറഞ്ഞുനിന്നത് . രാത്രിയിൽ തിരകളുടെ ശക്തികൊണ്ട് ബെഡിൽ കിടന്നു അനങ്ങികൊണ്ടിരുന്നു . രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ സ്കോട് ലാൻഡിലെ ഗ്രിനോക്കിൽ കപ്പൽ നങ്കൂരമിട്ടിരുന്നു കൊറോണ കാരണം പുറത്തിറങ്ങാൻ അനുവാദമില്ല. ഞങ്ങൾ രാവിലെ കുറച്ചു സമയം ഡക്കിലൂടെ നടന്നു കുറച്ചു സമയം ജിമ്മിൽ ചിലവഴിച്ചു ബ്രേക്ക് ഫാസ്റ്റിനു ശേഷം സിമ്മിങ് പൂളിൽ ചിലവഴിച്ചു. പിന്നീട് വീണ്ടും കപ്പൽ ചുറ്റി നടന്നു കാണാൻ തുടങ്ങി .എല്ലാദിവസവും കപ്പലിൽ നടക്കുന്ന പരിപാടികളുടെ ലിസ്റ്റ് അവർ രാവിലെ ഡോറിൽ തൂക്കിയിടും അതനുസരിച്ചു നമുക്ക് വേണമെങ്കിൽ ആ പരിപാടിയിൽ പങ്കെടുക്കാം .ചൂടുവെള്ളം നല്ല പ്രഷറിൽ വരുന്ന ജാക്ക്യൂസി എന്ന് വിളിക്കുന്ന സിമ്മിങ് പൂളിലാണ് ഞങ്ങൾ കൂടുതൽ സമയം ചിലവഴിച്ചത് ഭക്ഷണവും മദ്യവും യഥേഷ്ടം ലഭിക്കുന്നു എന്നത് ഈ യാത്രയിലെ ഏറ്റവും വലിയ ഗുണം .
കപ്പലിന്റെ അകത്തെ കാഴ്ചകൾ വിവർണ്ണനാതീതമാണ് പലപ്പോഴും ഇതൊക്കെ ആരുടെ ഭാവനയാണ് എന്ന് തോന്നിപോകും ഒരു 19 നിലകെട്ടിടം വെള്ളത്തിലൂടെ നീങ്ങുന്നു. കഴിഞ്ഞ 7 ദിവസവും ശ്രമിച്ചിട്ടാണ് കപ്പൽ കണ്ടു തീർന്നതു തന്നെ . എല്ലാദിവസവും വൈകുന്നേരം ഡിന്നറിനു ധരിക്കേണ്ട ഡ്രസ്സ് കോഡ് രാവിലെ പ്രോഗ്രാം പേപ്പറിൽ പറഞ്ഞിട്ടുണ്ടാകും അതനുസരിച്ചു വേണം ഡിന്നറിനു പോകാൻ . എം എസ് സി ,വെർച്യുസ എന്ന ഈ കപ്പലിന്റെ വില 800 മില്യൺ യൂറോയാണ് ,6334 യാത്രക്കാരെയും 1704 ജോലിക്കാരെയും ഉൾക്കൊള്ളുന്നതാണ് ഈ മഹാസൗധം 331 .43 മീറ്റർ നീളവും 69 .9 മീറ്റർ ഉയരവും ഉള്ളതാണീ ആഡംബര നൗക അതായതു ടൈറ്റാനിക്കിന്റെ ഏകദേശം ഇരട്ടി വലുപ്പം എന്ന് പറയാം .
മൂന്നാം ദിവസം ഞങ്ങൾ നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ എത്തി രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു രാവിലെ പുറത്തു തയാറാക്കിയിരുന്നു ബസിൽ കയറി .ബസിൽ ഇരുന്നുകൊണ്ട് അവിടുത്തെ സ്ഥലങ്ങൾ കാണാൻ പോയി ഗൈഡ് പോകുന്നവഴിയിലെ കാഴ്ചകൾ വിവരിച്ചു തന്നിരുന്നു .ആദ്യ൦ പോയത് നോർത്തേൺ അയർലാൻഡ് പാർലമെന്റ് കാണാനായിരുന്നു പാർലമെന്റിന്റെ മുൻപിൽ നിർത്തി ഫോട്ടോ എടുത്ത ശേഷം ബെൽഫാസ്റ്റ് സിറ്റി ഹാൾ കാണാൻ പോയി അവിടെ ടൈറ്റാനിക് അപകടത്തിൽ മരിച്ച എല്ലാവരുടെയും പേരെഴുതി വച്ചിരിക്കുന്ന ഫലകം കണ്ടു .
പിന്നീട് പോയത് സമാധാന മതിൽ കാണാനാണ് .കത്തോലിക്ക ,പ്രോട്ടെസ്റ്റന്റ് ഭീകരതയുടെ തിരുശേഷിപ്പാണ് ഈ മതിൽ മതത്തിന്റെ പേരിൽ വൈരം മൂത്തു കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും മതിൽകെട്ടി അതിർവരമ്പ് തീർത്തതായിരുന്നു ഈ മതിൽ. പിന്നട് ടൈറ്റാനിക് കപ്പൽ നിർമ്മിച്ച സ്ഥാലവും ടൈറ്റാനിക് മാതൃകയിൽ പണിത ഹോട്ടലുമാണ് കണ്ടത് അതെല്ലാം കണ്ടതിനു ശേഷം തിരിച്ചു ഷിപ്പിൽ വന്നു ഭക്ഷണം കഴിച്ചു കുറച്ചു സമയം കിടന്നുറങ്ങി പിന്നീട് ഡിന്നറിനു പോയി . വെള്ള ഡ്രസ്സ് ആയിരുന്നു അന്നത്തെ ഡ്രസ്സ് കോഡ്. അടുത്ത രണ്ടു ദിവസം പൂർണ്ണമായും കപ്പൽ യാത്രയിൽ ആയിരുന്നു ഈ ദിവസങ്ങളിൽ കപ്പൽ മുഴുവൻ നടന്നു കാണാനും കപ്പലിലെ വിവിധ കല കായിക പരിപാടികളിൽ പങ്കെടുത്തും സിമ്മിങ് പൂളിൽ നീന്തിത്തുടിച്ചും സമയം ചിലവഴിച്ചു അന്ന് വൈകുന്നേരം സംഗീത നിശയിൽ പങ്കെടുത്തു അതുപോലെ റോബോട്ട് സപ്ലൈ ചെയ്യുന്ന ബാറിൽ പോയി റോബോട്ടിന്റെ പ്രവർത്തനങ്ങൾ കണ്ടിരുന്നു .
രാത്രിയിൽ പലപ്പോഴും കടലിലേക്ക് നോക്കുമ്പോൾ അനന്തമായ കടലും ചിലപ്പോൾ വലിയ മൽസ്യങ്ങൾ എടുത്തു ചാടുന്നതും കാണാമായിരുന്നു . രണ്ടു ദിവസത്തിനു ശേഷം കപ്പൽ സൗത്താംപ്ടണിൽ എത്തിച്ചേർന്നു . കപ്പൽ യാത്ര ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിമാറിയ ടൈറ്റാനിക് സൗത്താംപ്ടൺ തുറമുഖത്തുനിന്നുമാണ് ആദ്യ യാത്ര ന്യൂയോർക്കിലേക്ക് പുറയപ്പെട്ടത്. കപ്പലിൽ നിന്നും പുറത്തേക്കു നോക്കി ആ ദുരന്ത തുറമുഖത്തേക്ക് നോക്കി ആ ദുരന്തത്തിൽ മരിച്ച ആളുകളെ ഓർത്തു അൽപ്പസമയം നിന്നു.
രാവിലെ കുറച്ചു സമയം നടന്നതിനു ശേഷം ബ്രേക്ഫാസ്റ്റ് കഴിഞ്ഞു സിമ്മിങ് പൂളിൽ പോയി കുറച്ചു സമയം ചെലവഴിച്ച ശേഷം വൈകുന്നേരം സർക്കസ് കാണാൻ പോയി സാങ്കേതികമായി വളരെ മുന്നിട്ടു നിൽക്കുന്ന സ്റ്റേജിൽ നടന്ന സർക്കസ് കണ്ടിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി. കൂടാതെ സ്റ്റേജിന്റെ സാങ്കേതികവിദ്യ അവിസ്മരണീയമായിരുന്നു .ഡിന്നറിനു എലിഗന്റ് ഡ്രസ്സ് ധരിച്ചുവേണം പോകാൻ പുരുഷന്മാർ എല്ലാവരും സ്യൂട്ട് ധരിച്ചും സ്ത്രീകൾ മനോഹരമായി ഡ്രസ്സ് ചെയ്തുമാണ് ഡിന്നറിനു എത്തിയത് . വൈകുന്നേരം അലസമായി കപ്പലിന്റെ വിവിധ ഭാഗങ്ങൾ കണ്ടു നടന്നപ്പോൾ ഒരു സുഹൃത്തിനെ കണ്ടുമുട്ടി സൗത്താംപ്ടണിൽ നിന്നും കപ്പലിൽ പ്രവേശിച്ച യോർക്ക് സ്വദേശി ബോസ് തോമസ് ആയിരുന്നു അത്. ഞങ്ങൾ ഒരുമിച്ചു കപ്പലിന്റെ വിവിധ ഭാഗങ്ങളിൽ കൂടി നടന്നു വിവിധ നിലകളിൽ ഉള്ള ബാറുകളിൽ സന്ദർശിച്ചു സംഗീത സദസുകളിൽ സംഗീതം ആസ്വദിച്ചും ചിലവഴിച്ചു .ഈ യാത്രക്കിടയിൽ വെയിൽസിൽ നിന്നുള്ള ഒരു മലയാളി കുടുംബത്തെയും പരിചയപ്പെട്ടു .കപ്പലിൽ കണ്ട ജീവനക്കാരുടെ വേദന എന്നെയും വേദനിപ്പിച്ചു അവർക്കു ആറുമാസമാണ് ജോലി പിന്നെ നാലുമാസം അവധിയാണ് .ഞങ്ങളെ സെർവ് ചെയ്ത ഒരു ഫിലിപ്പിനോ അവന്റെ കുട്ടിയുടെ ഫോട്ടോ കാണിച്ചുകൊണ്ട് പറഞ്ഞു ഇവൻ ജനിച്ചിട്ട് മൂന്നുമാസമായി എനിക്ക് ഇവനെ കാണാൻ കഴിഞ്ഞില്ലായെന്ന് .
സൗത്താംപ്ടണിൽ നിന്നും ഞായറാഴ്ച വൈകുന്നേരം ലിവർപൂളിനെ ലക്ഷ്യമാക്കി കപ്പൽ പുറപ്പെട്ടു ചൊവാഴ്ച രാവിലെ ലിവർപൂളിൽ ഒരാഴ്ചത്തെ ഹോളിഡേ പൂർത്തിയാക്കി എത്തിച്ചേർന്നപ്പോൾ അതൊരു പുതിയ അനുഭവും സ്വപ്ന സാക്ഷാൽക്കരവുമായിമാറി. .
Leave a Reply