നടിയും ഹാസ്യ താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ടെലിവിഷന്‍, സിനിമ രംഗത്ത് ഏറെക്കാലം തിളങ്ങിനിന്ന താരമാണ് സുബി. ചാനല്‍ ഷോകളും നടത്തിയിരുന്നു. കൊച്ചിന്‍ കലാഭവനിലുടെയാണ് സുബി കലാരംഗത്ത് എത്തുന്നത്.

കനക സിംഹാസനം, ഹാപ്പി ഹസ്ബന്‍സ്, തസ്‌കര ലഹള, ്രഡാമ, ഗൃഹനാഥന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് സുബി സുരേഷ് പ്രക്ഷേകരുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്‌റ്റേജ് ഷോകളിലൂടെയും സുബി തിളങ്ങിനിന്നിരുന്നു. യു ട്യൂബ് ചാനലിലൂടെയും സജീവമായിരുന്നു.

കഴിഞ്ഞ മാസം 28നാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്. പിന്നീട് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി നില ഗുരുതരമാകുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കരള്‍ മാറ്റിവയ്ക്കാന്‍ നിശ്ചയിച്ചിരുന്നു. കരള്‍ പകുത്തുനല്‍കാന്‍ ഒരു ബന്ധു തയ്യാറായി മുന്നോട്ടുവരികയും ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് ഹൃദയത്തിന്റെ പ്രഷര്‍ ഉയരുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഇന്നലെ വൈകിട്ട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാവിലെയോടെ മരണമടയുകയായിരുന്നുവെന്ന് നടന്‍ ടിനി ടോം പ്രതികരിച്ചു.