ബിനോയ് എം. ജെ.
മനസ്സിലൂടെ ഗ്രഹിക്കപ്പെടുന്ന ബാഹ്യലോകം യഥാർത്ഥമായ സത്തയല്ലെന്നും അത് മനസ്സിന്റെ സൃഷ്ടിയും തെറ്റിദ്ധരിക്കപ്പെടുന്ന സത്യവുമാണെന്നും മനോജന്യമായ പ്രസ്തുത പ്രപഞ്ചം യഥാർത്ഥമായ സത്തയെ കാണുന്നതിൽനിന്നും നമ്മെ തടയുന്നുവെന്നും നാം കണ്ടുകഴിഞ്ഞു. ഈ വിഭ്രാന്തിയിൽനിന്നും മോചനം നേടേണ്ടത് മനുഷ്യനായി ജനിച്ച ഏതൊരുവന്റെയും പ്രാഥമികമായ ദൗത്യവും ഉത്തരവാദിത്വവും ആകുന്നു. പക്ഷേ ഭാരിച്ചതും സങ്കീർണ്ണവുമായ ഈ പ്രശ്നത്തിൽനിന്നും എങ്ങനെ കരകയറാം? എങ്ങനെ പരിപൂർണ്ണമായ മാനസികാരോഗ്യം കൈവരിക്കാം? മനസ്സിൽ നിന്നും അത് സൃഷ്ടിക്കുന്ന ആശയക്കുഴപ്പങ്ങളിൽ നിന്നും എങ്ങനെ മോചനം നേടാം?
വിവേചനശക്തി(power of discrimination) ഈ പ്രശ്നത്തിൽനിന്നും മോചനം നേടുവാൻ നമ്മെ സഹായിക്കുന്നു. എന്താണ് വിവേചനശക്തി? ഇരുട്ടത്ത് കിടക്കുന്ന കയറിനെ പാമ്പായി തെറ്റിദ്ധരിക്കുമ്പോൾ വിഭ്രാന്തി സംഭവിക്കുകയും സ്വാഭാവികമായ ഭയവും അനുബന്ധപ്രശ്നങ്ങളും അനുഭവപ്പെടുകയും ചെയ്യുന്നു. അനന്തവും അനന്താനന്ദദായിനിയുമായ പരബ്രഹ്മത്തെ പരിമിതവും ദുഃഖഹേതുവുമായ ജഗത്തായി(പ്രപഞ്ചമായി) തെറ്റിദ്ധരിക്കുമ്പോൾ മനുഷ്യന്റെ നൈസർഗ്ഗികമായ വിവേചനശക്തി എവിടെയോ നഷ്ടപ്പെട്ടു പോകുന്നു. ആ വിവേചനശക്തിയെ വീണ്ടെടുക്കുവിൻ! ശരിയെയും തെറ്റിനെയും വിവേചിച്ചറിയുവിൻ; സത്യത്തെയും മിഥ്യയെയും തിരിച്ചറിയുവിൻ; ഭാവാത്മകതയെയും നിഷേധാത്മകതയെയും വേർതിരിക്കുവിൻ. കയറിനെയും പാമ്പിനെയും എങ്ങനെയാണ് തിരിച്ചറിയുന്നത്? അതുപോലെ ഭാവാത്മകതയെയും നിഷേധാത്മകതയെയും തിരിച്ചറിയുവിൻ! ‘ഭാവാത്മകത’ സത്യവും ‘നിഷേധാത്മകത’ മിഥ്യയുമാകുന്നു. അത് പോലെതന്നെ ഭാവാത്മകത സുഖവും നിഷേധാത്മകത ദുഃഖവും കൊണ്ടുവന്ന് തരുന്നു. സുഖത്തയും ദുഃഖത്തെയും തിരിച്ചറിയുവാനുള്ള നൈസർഗ്ഗികമായ വാസന മനുഷ്യനുണ്ട്. ഈ വാസനയെ പരിപോഷിപ്പിക്കുവിൻ.
അത്യന്തം ഭാവാത്മകമായ യാഥാർത്ഥ്യം മനസ്സിലൂടെ ഗ്രഹിക്കപ്പെടുമ്പോൾ നിഷേധാത്മകമാവുകയും ദുഃഖം ജനിക്കുകയും ചെയ്യുന്നു. ഈയർത്ഥത്തിൽ മനസ്സ് നിഷേധാത്മകമാണ്. നിഷേധാത്മകമായ മനസ്സിന് നിഷേധാത്മകമായ ഒരു ചരിത്രവും ഉണ്ട്. ആ ചരിത്രത്തെ വർത്തമാനത്തിലേക്ക് കൊണ്ടുവരാതെയിരിക്കുവിൻ. നിങ്ങളുടെ കൺമുന്നിൽ നടക്കുന്ന ഒരു സംഭവത്തിന് മനസ്സ് പൂർവ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ നിഷേധാത്മകമായ ഒരു വ്യാഖ്യാനം കൊടുക്കുവാൻ വെമ്പൽ കൂട്ടുമ്പോൾ “ഇതതല്ല, ഇതതല്ല” എന്ന് പറഞ്ഞുകൊണ്ട് പ്രസ്തുത സംഭവത്തിന് ഭാവാത്മകമായ ഒരു നിറം കൊടുക്കുവാൻ ശ്രമിക്കുമ്പോൾ നിങ്ങളിലെ വിവേചനശക്തി ഉണരുന്നു. എന്നുമാത്രമല്ല, നിങ്ങളുടെ ജീവിതാനുഭവങ്ങൾ നിഷേധാത്മകതയുടെ തനിയാവർത്തനങ്ങളല്ലെന്നും അനിർവ്വചനിയമായ ഭാവാത്മകതയുടെ ഒരു സുഗന്ധം അവയ്ക്കുണ്ടന്നും നിങ്ങൾ മനസ്സിലാക്കിത്തുടങ്ങുമ്പോൾ നിങ്ങളിൽ നിർണ്ണായകമായ ആ രൂപാന്തരീകരണം സംഭവിച്ചുതുടങ്ങുന്നു.
കയറിനെയും പാമ്പിനെയും തിരിച്ചറിയുന്നത് വിവേചനശക്തി ഉപയോഗിച്ചാണ്. ഇതേ വിവേചനശക്തി ഉപയോഗിച്ച് സുഖത്തെയും ദു:ഖത്തെയും നാം തിരിച്ചറിയുന്നു. ഒരുപടികൂടികടന്ന് ഇതേ വിവേചനശക്തി ഉപയോഗിച്ച് നാം ഭാവാത്മകതയെയും നിഷേധാത്മകതയെയും തിരിച്ചറിയുന്നു. ഉദാഹരണത്തിന് ഒരാൾ നിങ്ങളോട് ശണ്ഠകൂടുവാൻ വരുന്നു എന്ന് സങ്കല്പിക്കുക. “അയാൾ എന്നെ വെറുക്കുന്നു” എന്ന് പൂർവ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ നിങ്ങളുടെ മനസ്സ് നിഷേധാത്മകമായ ഒരു വ്യാഖ്യാനം അതിന് കൊടുക്കുവാൻ വെമ്പൽ കൂട്ടുന്നു. അപ്പോൾ “ഇതതല്ല, ഇതതല്ല, ഇത് ഭാവാത്മകമായ മറ്റെന്തോ ആണ്” എന്ന് പറഞ്ഞുകൊണ്ട് ആ നിഷേധാത്മകതയെ നിങ്ങൾ ഭാവാത്മകത കൊണ്ട് ജയിക്കുന്നു. കാലക്രമത്തിൽ നിഷേധാത്മകമായ നിങ്ങളുടെ മനസ്സ് ദുർബലമാവുകയും അവിടെ ഭാവാത്മകത വളർന്നുവരികയും ചെയ്യുന്നു. പരമമായ ആ സത്യം അത്യന്തം ഭാവാത്മകവും ഭാസുരവുമാണെന്നും അവിടെ നിങ്ങളുടെ സങ്കൽപത്തിനുപോലും പറന്നെത്തുവാനാവില്ലെന്നും അവിടെയെത്തിയാൽ നിങ്ങൾ ഈശ്വരതുല്യനും അപരിമിതനും ആകുന്നുവെന്നും നിങ്ങളുടെ ഒരേയൊരു പ്രശ്നം നിങ്ങളുടെ മനസ്സാണെന്നും ആ മനസ്സ് സത്യത്തിൽ നിന്നും വളരെയകന്നതാണെന്നുമുള്ള തിരിച്ചറിവാണ് നിങ്ങൾക്ക് ആവശ്യമായിട്ടുള്ളത്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply