ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പഠനത്തിനായി യുകെയിലേയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നടപടികളുമായി അധികൃതർ. ഉയർന്ന ഡിഗ്രി കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അവരുടെ പ്രിയപ്പെട്ടവരെ ഇനി മുതൽ യുകെയിലേക്ക് കൊണ്ടുവരാൻ ആകൂ എന്നൊരു നിയന്ത്രണത്തിലേയ്ക്ക് പോകുവാനാണ് പുതിയ നീക്കം. യുകെ ഗവൺമെന്റിന് പ്രധാനമായി കണക്കാക്കുന്ന ബിരുദങ്ങളിൽ സയൻസ് , കണക്ക്, എഞ്ചിനീയറിംഗ് എന്നിവ ഉൾപ്പെടുന്നു. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒരു വർഷം കൊണ്ട് തന്നെ എട്ട് മടങ്ങ് വർധനയുണ്ടായതിനെ തുടർന്നാണ് പ്രധാനമന്ത്രി റിഷി സുനക്കും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും കൂടുതൽ നടപടികളിലേക്ക് നീങ്ങുന്നത്.

2022-ൽ, നൈജീരിയക്കാരാണ് ഈ വർഷത്തെ പഠന വിസയുള്ള വ്യക്തികളെ അനുഗമിക്കുന്ന ആശ്രിതരുടെ എണ്ണത്തിൽ കൂടുതൽ. ഇതോടെ, 2019 നെ അപേക്ഷിച്ച് സ്‌പോൺസർ ചെയ്‌ത പഠന ഗ്രാന്റുകളിൽ ഏറ്റവും വലിയ വർദ്ധനവ് നൈജീരിയൻ പൗരന്മാരുടേതാണ്. 57,545 എന്ന സംഖ്യയിൽ നിന്ന് ഇത് വർധിച്ച് 65,929 ലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. കഴിഞ്ഞ വർഷം 490,763 വിദ്യാർത്ഥികൾക്ക് വിസ നൽകിയതായി ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് അറിയിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഇവരോടൊപ്പം 135,788 ആശ്രിതരും കുട്ടികളും എത്തിച്ചേരുന്നുണ്ട് എന്നതാണ് കണക്കിൽ പ്രധാനം. 2019 ൽ 16,047 ആയിരുന്നു. ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ പോലുള്ള ഉയർന്ന കോഴ്‌സുകൾ പഠിക്കുന്നില്ലെങ്കിൽ വിദേശ വിദ്യാർത്ഥികളെ കുടുംബങ്ങളെ കൊണ്ടുവരുന്നതിൽ നിന്നും വിലക്കുമെന്നും പുറത്ത് വന്ന റിപ്പോർട്ട്‌ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ സർവകലാശാലകളും പാർലമെന്റ് അംഗങ്ങളും പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. വിദേശ വിദ്യാർത്ഥികൾ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 35 ബില്യൺ പൗണ്ട് സംഭാവന ചെയ്യുന്നുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. പുതിയ നടപടി തിരുത്തണമെന്നും ഇല്ലാത്തപക്ഷം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.