ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെമ്പാടും പ്ലാസ്റ്റിക്കിൻെറ ഉപയോഗം കുറയ്ക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ഉത്പാദന തോതിൽ ഒട്ടും കുറവില്ല. ഈ വർഷം 220 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കപ്പെടുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പല പ്രശസ്ത ബ്രാൻഡുകളുമാണ് പ്ലാസ്റ്റിക് മലിനീകരണത്തിന് പ്രധാന പങ്കു വഹിക്കുന്നതെന്ന് ഒരു പഠനം നേരത്തെ കണ്ടെത്തിയിരുന്നു.

ഡൽഹൗസി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്നത് കൊക്കകോള കമ്പനിയാണ്. ബ്രാൻഡഡ് മാലിന്യങ്ങളുടെ 11 ശതമാനത്തിനും ഉത്തരവാദി കൊക്കകോള തന്നെ. ആഗോള ബ്രാൻഡഡ് പ്ലാസ്റ്റിക് മലിനീകരണ ഡേറ്റ പരിശോധിക്കുമ്പോൾ പ്ലാസ്റ്റിക് മലിനീകരണത്തിന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ലോകത്തെ മുൻനിര നിർമ്മാതാക്കളാണെന്നുള്ള വസ്‌തുത മനസിലാക്കാൻ സാധിക്കുമെന്ന് പഠനത്തിൻ്റെ സഹ-രചയിതാവ് ഡോ. ടോണി വാക്കർ പറഞ്ഞു.

ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്ന ബ്രാൻഡുകൾ:

1. കൊക്കകോള കമ്പനി
2. പെപ്സികോ
3. നെസ്ലെ
4. ഡാനോൺ
5. ആൾട്രിയ
6. ബഖ്രെസ ഗ്രൂപ്പ്
7. വിങ്‌സ്
8.യൂണിലിവർ
9. മയോറ ഇന്ദാ
10. മൊണ്ടലെസ് ഇൻ്റർനാഷണൽ
11. മാർസ് ഇൻകോർപ്പറേറ്റഡ്
12. സലിം ഗ്രൂപ്പ്
13. ബ്രിട്ടീഷ് അമേരിക്കൻ ടൊബാക്കോ

84 രാജ്യങ്ങളിലായി 1,576 ഓഡിറ്റ് ഇവൻ്റുകളിൽ നിന്നുള്ള അഞ്ച് വർഷത്തെ ഡേറ്റ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയത്. പ്ലാസ്റ്റിക് ഉൽപ്പാദനവും മലിനീകരണവും തമ്മിലുള്ള കൃത്യമായ ബന്ധം കണ്ടെത്തിയ ഗവേഷക സംഘം, ഉത്പാദനത്തിലെ ഒരു ശതമാനം വർദ്ധനവ് മലിനീകരണ തോതിലുള്ള ഒരു ശതമാനം വർദ്ധനവിന് കാരണമാകുന്നതായി കണ്ടെത്തി. ബ്രാൻഡഡ് പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ പകുതിയിലേറെയും ഉത്തരവാദികളായ 56 ആഗോള കമ്പനികളെ ഗവേഷകർ തിരിച്ചറിഞ്ഞു. കൊക്കകോള കമ്പനി (11 ശതമാനം), പെപ്‌സികോ (അഞ്ച് ശതമാനം), നെസ്‌ലെ (മൂന്ന് ശതമാനം), ഡാനോൺ (മൂന്ന് ശതമാനം), ആൾട്രിയ/ഫിലിപ് മോറിസ് ഇൻ്റർനാഷണൽ (രണ്ട് ശതമാനം) എന്നിവയായിരുന്നു ആദ്യ അഞ്ച് നിർമ്മാതാക്കൾ.