കരൾ രോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേയായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത മരണം. കൊച്ചിൻ കലാഭവനിലൂടെ മിമിക്രിയിൽ തിളങ്ങിയ സുബി സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയിൽ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചു.
ഇപ്പോഴിതാ സുബിയുടെ പ്രതിശ്രുത വരനായിരുന്ന കലാഭവൻ രാഹുൽ സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ ഫ്ലവേഴ്സിലെ പരിപാടിയായ ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുലുമായുള്ള വിവാഹത്തെ കുറിച്ച് സുബി തുറന്നുപറഞ്ഞത്.
സുബിയുടെ മരണത്തിന് പിന്നാലെ സുബിയുമായുള്ള ഓർമ്മ പങ്കുവയ്ക്കുകയാണ് രാഹുൽ. രാഹുലിന്റെ വാക്കുകൾ : ‘സുബിയെ രക്ഷിച്ചെടുക്കാൻ മാക്സിമം നോക്കി. ആളെ രക്ഷിച്ചെടുക്കാൻ പറ്റാത്ത സങ്കടമാണ് എല്ലാവർക്കും. എന്നേക്കാൾ നൂറിരട്ടി ബിസിയായ താരമായിരുന്നു സുബി. ഞാനും പ്രൊഫഷനിൽ കൂടുതൽ ശ്രദ്ധിച്ചു. ജീവിതം അത്ര ശ്രദ്ധിച്ചില്ല. വിവാഹം അടക്കം വൈകിയത് അതുകൊണ്ടാണ്. പ്രോഗാമും മറ്റുമായി ഞങ്ങൾ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.
വീട്ടുകാർക്കും എല്ലാം അറിയാമായിരുന്നു. ഫെബ്രുവരിയിൽ വിവാഹം കഴിക്കാൻ സാധിക്കുമായിരുന്നില്ല. സുബിക്കും ഒരുപാട് ഷോകൾ ഉണ്ടായിരുന്നു. ഏഴ് പവന്റെ താലിമാല എന്നത് സുബി വെറുതെ പറഞ്ഞതാണ്. സുബിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയാണ്. അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കും എന്നെ സുബിയും ഇഷ്ടപ്പെട്ടത്. അമ്മ കഴിഞ്ഞെ സുബിക്ക് ജീവിതത്തിൽ മറ്റാരും ഉള്ളൂ. സുബിക്ക് എന്നെപോലത്തെ നൂറ് പേര് കിട്ടും. അമ്മ പറയുന്നതിന് അപ്പുറം പോകാത്താതത് കൊണ്ടാകാം സുബി എന്നെ ഇഷ്ടപ്പെട്ടത്. സുബിയുടെ അമ്മ എന്റേയും അമ്മയാണ്. എന്റെ അമ്മ എന്നോട് പെരുമാറുന്നതുപോലെയാണ് സുബിയുടെ അമ്മയും പെരുമാറുന്നത്. പരിപൂർണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങൾ പരസ്പരം മനസിലാക്കിയിരുന്നു. ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല.
ഇങ്ങനെ പോട്ടെ നോക്കാം… സുബിക്ക് കരൾ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. ജാർഖണ്ഡിൽ നിന്നും വന്ന ശേഷം പാലക്കാട് ഒരു പരിപാടിക്ക് പോയിരുന്നു. അതുകൊണ്ട് ആശുപത്രിയിൽ പോകാൻ വൈകി. അസുഖ ലക്ഷണങ്ങളൊന്നും സുബി കാണിച്ചിരുന്നില്ല. പെട്ടന്നാണ് കാര്യങ്ങൾ മാറി മറഞ്ഞത്. മണിച്ചേട്ടനും സുബിക്കും കുറെകാര്യത്തിൽ സാമ്യതയുണ്ട്. അവർക്ക് രണ്ടുപേർക്കും സഹജീവി സ്നേഹമുണ്ട്. സുബി മരണവീടുകളിൽ പോകാറില്ലായിരുന്നു. മറ്റുള്ളവരുടെ കരച്ചിൽ കാണാൻ കഴിയാത്തത് കൊണ്ട്.”- രാഹുൽ പറഞ്ഞു.
Leave a Reply