ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തു വരികയാണ്. രാവിലെ എട്ട് മണി മുതൽ തന്നെ വോട്ടെണ്ണൽ ആരംഭിച്ചുകഴിഞ്ഞു. ലഭിക്കുന്ന പ്രാഥമിക വിവരങ്ങളിൽ നിന്ന് ബിജെപി സഖ്യം ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ സഖ്യത്തിന് 40 സീറ്റുകളോളം ലഭിക്കുമെന്നാണ് സൂചനകൾ. അതേസമയം ഇടതുപക്ഷം 9 സീറ്റുകളിൽ മാത്രമായി ലീഡ് ചെയ്യുകയാണ്.

ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളിലേക്കാണ് ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടന്നത്. 81.1 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിലായി 259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയും ഐപിഎഫ്ടിയും ഒന്നിച്ചാണ് മത്സരിച്ചത്. ബിജെപി 55 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ സഖ്യകക്ഷിയായ ഐപിഎഫ്ടി 5 സീറ്റുകളിൽ മത്സരിച്ചു.

ഇടതുപക്ഷവും കോൺഗ്രസും ഒരു മുന്നണിയായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസ്-ഇടതുപക്ഷങ്ങളിലെ സീറ്റ് ധാരണ പ്രകാരം ഇടതുമുന്നണി 43 സീറ്റുകളിലും കോൺഗ്രസ് 13 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി. ഇതിന് പുറമെ കോൺഗ്രസും ഇടതുപക്ഷവും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പ്രദ്യോത് ബിക്രമിൻ്റെ പുതിയ പാർട്ടിയായ ടിപ്ര മോത സംസ്ഥാനത്തെ 60ൽ 42 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ മമതാ ബാനർജിയുടെ ടിഎംസിയും ത്രിപുരയിൽ 28 സീറ്റുകളിൽ മത്സരിച്ചു. ഇതിന് പുറമെ 58 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.

ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദോവലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ്, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധന്പൂരിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചു. ഇതിനുപുറമെ, ഇടതു-കോൺഗ്രസ് സഖ്യത്തിലെ മുഖ്യ പാർട്ടിയായ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സബ്റൂം നിയമസഭാ സീറ്റിൽ മത്സരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ തെരഞ്ഞെടുപ്പുകൾക്കായുള്ള പ്രചാരണ വേളയിൽ, കഴിഞ്ഞ അഞ്ച് വർഷത്തെ വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ വികസനം ബിജെപി ഉയർത്തിക്കാട്ടിയായിരുന്നു വോട്ട് ചോദിച്ചത്. അതേസമയം ഇടതുമുന്നണിയും കോൺഗ്രസും ബിജെപി-ഐപിഎഫ്ടി സർക്കാരിൻ്റെ ‘ദുർഭരണത്തിനാ´ണ് ഊന്നൽ നൽകിയത്. ടിപ്ര മൊത പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിച്ചത് ഗ്രേറ്റർ ടിപ്പർലാൻഡ് സംസ്ഥാനത്തിനായുള്ള ആവശ്യമായിരുന്നു.

ഇന്ത്യാ ടുഡേ-ആക്സിസിന്റെ എക്സിറ്റ് പോൾ പ്രകാരം ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നാണ് സൂചനകൾ. ബിജെപിക്ക് 45 ശതമാനം വോട്ട് ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നത്. ഇടതു-കോൺഗ്രസ് സഖ്യത്തിന് 32 ശതമാനം വോട്ട് വിഹിതം നേടാനാകുമെന്നും പ്രവചനം പുറത്തു വന്നിരുന്നു. ടിഎംപിയുടെ വോട്ട് വിഹിതം 20 ശതമാനമായിരിക്കുമെന്നും എക്സിറ്റ് പോളുകളിൽ പ്രവചനമുണ്ട്.

എക്‌സിറ്റ് പോൾ പ്രകാരം ജാതി അടിസ്ഥാനത്തിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് സൂചന. 30 ശതമാനം എസ്ടി, 57 ശതമാനം എസ്‌സി, 60 ശതമാനം ഒബിസി, 61 ശതമാനം ജനറൽ വോട്ടുകൾ പാർട്ടിക്ക് ലഭിക്കുമെന്നാണ് എക്സിറ്റ്പോളുകളിൽ പ്രവചിക്കുന്നത്. ഇടതു-കോൺഗ്രസ് സഖ്യത്തിനാണെങ്കിൽ 18 ശതമാനം എസ്ടി, 36 ശതമാനം എസ്‌സി, 35 ശതമാനം ഒബിസി, 34 ശതമാനം ജനറൽ വിഭാഗ വോട്ടുകൾ ലഭിക്കുമെന്നാണ് സൂചനകൾ. ടിഎംപിക്ക് 51 ശതമാനം എസ്ടി, 3 ശതമാനം എസ്‌സി, 2 ശതമാനം ഒബിസി, 2 ശതമാനം ജനറൽ വോട്ടുകൾ നേടാനാകുമെന്നും സൂചനകൾ പുറത്തു വന്നിരുന്നു.