ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്‌സി ഐഎസ്എൽ പ്ലേ ഓഫ് വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. കാലങ്ങളായി ഐഎസ്എല്ലിലെ റഫറീയിങ് നിലവാരത്തിനെതിരെ പ്രതിഷേധങ്ങൾ ആഞ്ഞടിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസമാണ് കളത്തിൽ അതിനെതിരായ ശക്തമായ സന്ദേശം നൽകി ഒരു ടീം ഒന്നടങ്കം നിലപാടെടുത്തത്. അതിന് നിമിത്തമായത് ആവട്ടെ ഇന്ത്യൻ ഫുട്‍ബോൾ ഇതിഹാസം സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളും..

സൗത്ത് ഇന്ത്യൻ ഡെർബിയിൽ ബ്ലാസ്‌റ്റേഴ്‌സും, ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങും മുൻപ് തന്നെ ശ്രീകണ്ഠീരവ വലിയ അത്ഭുതങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു ശക്തമായ മത്സരത്തിന്റെ ആവേശത്തിനായി അവിടെയെത്തിയ ആരാധകരെ കാത്തിരുന്നത് ഇന്ത്യൻ ഫുട്ബോളിനും, ഐഎസ്എല്ലിനും നാണക്കേടാവുന്ന സംഭവ വികാസങ്ങളായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷമാണ് അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ നടന്നത്. അധിക സമയത്ത് 96-ാം മിനിറ്റിലായിരുന്നു ഛേത്രിയുടെ വിവാദ ഗോൾ പിറന്നത്. ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾ കീപ്പർ ഔട്ട് ഓഫ് പൊസിഷനിൽ നിൽക്കുകയും, താരങ്ങൾ ഡിഫൻസ് വാൾ ഒരുക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന നേരത്താണ് ഛേത്രി പൊടുന്നനെ ഫ്രീകിക്ക് വലയിലാക്കിയത്.

സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന റഫറി ക്രിസ്‌റ്റൽ ജോൺ ഗോൾ അനുവദിക്കുകയും ചെയ്‌തതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങി. രാജ്യത്തെ മുൻനിര ലീഗിന്റെ റഫറിയിങ് സ്‌റ്റാൻഡേർഡിലേക്ക് വിരൽ ചൂണ്ടുന്ന സംഭവ വികാസങ്ങളാണ് പിന്നീട് കളത്തിൽ കണ്ടത്. ഒടുവിൽ സഹികെട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ ടീമിനെ തിരികെ വിളിക്കുകയായിരുന്നു.

ഇരു ടീമുകളുടെ പക്ഷത്ത് നിന്നും ആരാധകർ ഇതിന് പിന്തുണയായും, എതിർത്തും രംഗത്ത് വരുന്നുണ്ട്. എന്നാൽ ഫുട്‍ബോൾ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണ് ഇതിഹാസ സമാനനായ സുനിൽ ഛേത്രിയിൽ നിന്നുണ്ടായതെന്ന വിമർശനം കൂടുതൽ ശക്തമാവുകയാണ്. മത്സരം നിലച്ച് 40 സെക്കന്റുകളിൽ അധികം പിന്നിട്ട ശേഷമാണ് ഛേത്രിയുടെ ഷോട്ട് വന്നത് എന്നത് കൊണ്ട് തന്നെ ക്വിക്ക് ഫ്രീകിക്ക് എന്ന വാദത്തിന് സാധുത ഇല്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ റഫറിയുടെ തീരുമാനം അന്തിമമാണെന്ന് മറ്റൊരു വിഭാഗം മറുപടി നൽകുന്നു.

ദീർഘ നേരത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ മാച്ച് കമ്മീഷണർ മൈതാനത്തെത്തി റഫറിമാരുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന് ശേഷമാണ് ബെംഗളൂരു എഫ്‌സിയെ 1-0ന് വിജയികളായി പ്രഖ്യാപിച്ചത്. സെമി ഫൈനലിൽ ഇതോടെ മുംബൈ സിറ്റിയെ നേരിടാൻ ബെംഗളൂരു ഒരുങ്ങുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കെബിഎഫ്‌സി കോച്ച് ഇവാൻ വുകമനോവിച്ചിനും ക്ലബിനും എതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.