റവ. ഫാ. ഹാപ്പി ജേക്കബ്ബ്
നാല്പതാം നോമ്പിന്റെ അവസാന ആഴ്ചയിലാണ് നാം എത്തിച്ചേർന്നിരിക്കുന്നത്. ഈ ദിവസങ്ങൾ കഴിഞ്ഞാൽ കർത്താവിൻറെ കഷ്ടാനുഭവങ്ങൾ അനുസ്മരിപ്പിക്കുന്ന ദിവസങ്ങളാണ്. കഴിഞ്ഞ നോമ്പിന്റെ ദിവസങ്ങൾ എപ്രകാരം ആയിരുന്നുവെന്നും എന്തെങ്കിലും കുറവുകളോ ബലഹീനതകളോ വന്ന് ഭവിച്ചു എങ്കിൽ ശക്തിയോടെ പ്രാർത്ഥനയോടെ കഷ്ടാനുഭവങ്ങളോടെ അനുരൂപപ്പെടുവാൻ ഒരുങ്ങുന്ന സമയമായി ഈ ദിവസങ്ങളെ കാണുക.
സൗഖ്യ ദാന ശുശ്രൂഷകളുടെ ഒരു നീണ്ട അനുഭവങ്ങളായിരുന്നു ഈ ആഴ്ചകളിലെല്ലാം ചിന്തീഭവിച്ചത്. ഇന്നും അതിൻറെ പരിസമാപ്തി ആയി ദൈവത്തെ കാണുവാൻ കഴിയുമാറാക്കുന്ന ഒരു ശുശ്രൂഷ ആണ് , വി. യോഹന്നാൻ 9 :1 – 41 വരെ ഉള്ള ഭാഗങ്ങൾ . ഇതു വളരെ ഉള്ള ഭാഗങ്ങൾ ഇതുവരെ ഉള്ള ഭാഗങ്ങൾ നാം ചിന്തിച്ചപ്പോൾ ഉള്ളതിൽ നിന്ന് വ്യത്യസ്തമായ വിവരണം ആണ് നാം ഈ ഭാഗത്ത് കാണുന്നത്. അത് വരെയുള്ള ജനങ്ങളുടെ ധാരണ അനുസരിച്ച് പാപം ആണ് രോഗകാരണം എന്ന്. എന്നാൽ കർത്താവ് പറയുന്നു “ദൈവകൃപ ഇവനിൽ വെളിപ്പെടുവാനായിട്ടത്രേ എന്നാണ്. എത്ര ഗാഢമായ പഠിപ്പിക്കൽ ആണ്.
ഞാൻ സത്യപ്രകാശം എന്ന് കർത്താവ് അവകാശപ്പെടുകയും സർവ്വരും ആ പ്രകാശത്തിലേക്ക് വരണം എന്ന് അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രധാന മത ചിന്തകൾ എല്ലാം പഠിപ്പിക്കുന്നതും ഇപ്രകാരമാണ്. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് വരിക. നാമം നമ്മുടെ ജീവിതയാത്രയിൽ അന്ധകാരപാതകളിൽ സഞ്ചരിക്കുന്നവരാണ്. എങ്കിലും പല അവസരങ്ങളിലും പലർക്കും നാം വഴികാട്ടി കൊടുക്കാറുണ്ട്. ചന്ദ്രന് സ്വയമായി ശോഭ ഇല്ല എങ്കിലും സൂര്യ തേജസ്സ് ചന്ദ്രനെയും പ്രകാശപൂരിതമാക്കുന്നു എന്ന പോലെ നാമും ദൈവ തേജസിനെ പ്രതിബിംബിക്കുവാൻ കഴിയുന്നവരാകണം ; ചൂണ്ടി കാണിച്ചല്ല സ്വയം തേജസ്സായി , പരിണമിച്ച് കൊണ്ട് . അതിന് വേണ്ടത് ഇത്രമാത്രം – ദൈവകൃപ വെളിപ്പെടുവാനായി നാം സ്വയം അവനെ ഏൽപ്പിച്ചു കൊടുക്കുക.
രണ്ടാമതായി, എന്തെങ്കിലും ഭാരങ്ങളോ പ്രയാസങ്ങളോ ജീവിതത്തിൽ വന്ന് ഭവിക്കുമ്പോൾ ദൈവകോപം എന്നോ ശിക്ഷ എന്നോ പറഞ്ഞ് നാം പരിതപിക്കാറുണ്ട്. എന്നാൽ ഈ മനുഷ്യനെ ഒന്നു നോക്കുക. ജനിച്ച കാലം മുതൽ അവൻ അന്ധനായിരുന്നു. പ്രകാശമോ, വഴിയോ പ്രകൃതിയോ ഒന്നും അവനെ പ്രാപ്യമായിരുന്നില്ല. എന്നാൽ ഈ അവസരത്തിൽ അവൻ യാതൊരു മുൻവിധിയും കൂടാതെ അനുസരിക്കുന്നു. മാതാപിതാക്കളും നാട്ടുകാരും അവനെ ലഭിച്ച കൃപയോ അത് നൽകിയ കർത്താവിനേയോ തിരിച്ചറിയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ കാഴ്ച ലഭിച്ചപ്പോൾ അവൻ പറയുന്നു. ” ഒന്ന് എനിക്കറിയാം ഞാൻ അന്ധനായിരുന്നു . ഇവൻ എനിക്ക് കാഴ്ച നൽകി.
നമ്മുടെ ചിന്തകളും ആശയങ്ങളും ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുവാൻ ശ്രമിക്കുന്നവയാണ്. എന്നാൽ ഇവൻ സത്യം പ്രസ്താവിക്കുന്നു . അത് മാത്രമല്ല സത്യവാനെ തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. എല്ലാവരും ഭയപ്പെട്ടിട്ടും ധൈര്യമായി മുന്നോട്ട് പോകുവാൻ അവന് ധൈര്യം ലഭിച്ചിരിക്കുന്നു.
പ്രകാശം സത്യമാണ്, അത് അന്ധകാരത്തെ മാറ്റുന്നതാണ്. പ്രതീകമായിട്ടല്ല യാഥാർത്ഥ്യമായി നാം ഗ്രഹിക്കണം . നമ്മുടെ പാരമ്പര്യം അനുസരിച്ച് ഏത് കാര്യത്തിനും സാക്ഷി പ്രകാശമാണ്.
ഈ വേദഭാഗത്തിന്റെ അവസാന ഭാഗത്തേയ്ക്ക് വരുമ്പോൾ നമ്മുടെ ബലഹീനതയെ എടുത്ത് കാട്ടുന്നു . നിങ്ങൾ കുരുടർ ആയിരുന്നു. എങ്കിൽ നിങ്ങൾക്ക് പാപം നിലനിൽക്കുന്നു. സ്വയം നീതീകരിക്കുകയും, സ്വയമായി തീരുമാനങ്ങളുമായി പോകുന്ന നാം ദൈവ സാന്നിധ്യവും കൃപയും തിരിച്ചറിയണം. ലോകത്തിൽ നാം ആർജ്ജിച്ചു എന്ന് കരുതുന്ന പലതും ക്ഷണികമാണ്. അത് നമ്മെ വിട്ടുപോകും. എന്നാൽ വഴിനടത്തുവാൻ പര്യാപ്തമായ സത്യപ്രകാശത്തെ വിട്ടുകളയുവാനോ ജീവിതത്തിൽ നിന്ന് ഒഴിവാക്കുവാനോ നാം ശ്രമിച്ചാൽ വീണ്ടും അന്ധകാരത്തിലേയ്ക്ക് വീഴും എന്ന് തിരിച്ചറിയുക .
സ്നേഹത്തോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply